രാജ്യതലസ്ഥാനത്തെ മുക്കി കനത്ത മഴ: 24 മണിക്കൂറിനിടെ പെയ്തത് 228.1 മില്ലിമീറ്റര്‍ മഴ
ന്യൂഡല്‍ഹി: ഉഷ്ണതരംഗത്തിനു പിന്നാലെ രാജ്യതലസ്ഥാനത്തെ മുക്കി കനത്ത മഴ. കഴിഞ്ഞ 24 മണിക്കൂറിനിടെ 228.1 മില്ലിമീറ്റര്‍ മഴയാണ് ഡല്‍ഹിയില്‍ പെയ്തത്. നിരവധിയിടത്ത് റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം താറുമാറായി. വെളുപ്പിന് 2.30 മുതല്‍ 5.30 വരെ മാത്രം 150 മില്ലിമീറ്റര്‍ മഴ പെയ്തു. 1936 ജൂണ്‍ 28ന് പെയ്ത 235.5 മില്ലിമീറ്റര്‍ മഴയാണ് ജൂണിലെ ഏറ്റവുമുയര്‍ന്ന മഴ.
മിന്റോ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിനടിയിലായി. ആസാദ് മാര്‍ക്കറ്റ് അണ്ടര്‍പാസില്‍ ട്രക്കുകള്‍ ഉള്‍പ്പെടെ മുങ്ങി. മെട്രോ സ്റ്റേഷനുകളില്‍ വെള്ളം കയറിയത് സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. കനത്ത മഴയില്‍ ഡല്‍ഹി വിമാനത്താവളത്തിലെ ഒന്നാം ടെര്‍മിനലിലെ മേല്‍ക്കൂരയുടെ ഭാഗം തകര്‍ന്നുവീണ് ഒരാള്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡല്‍ഹിയില്‍ അടുത്ത ഏഴ് ദിവസത്തേക്ക് കൂടി മഴ മുന്നറിയിപ്പുണ്ട്.
വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതിന്റെയും ഗതാഗതക്കുരുക്കിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വസന്ത് വിഹാറില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഭാഗമായ മതില്‍ ഇടിഞ്ഞ് മൂന്ന് തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ടു. എന്‍.ഡി.ആര്‍.എഫും അഗ്‌നിശമന സേനയും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.