രാഹുല്‍ ഗാന്ധിയെ ലോക്‌സഭയിലേയ്ക്ക് സ്വാഗതം ചെയ്ത് സ്പീക്കര്‍ ഓം ബിര്‍ല
ന്യൂഡല്‍ഹി: 18ാം ലോക്‌സഭയുടെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയെ ഔദ്യോഗികമായി സ്വാഗതം ചെയ്ത് സ്പീക്കര്‍ ഓം ബിര്‍ല. രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റ് സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത ശേഷം ലോക്‌സഭ ചേര്‍ന്നപ്പോഴാണ് സ്പീക്കര്‍ സ്വാഗതം ചെയ്തത്. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധിക്ക് സ്പീക്കര്‍ ആശംസകള്‍ നേരുകയും ചെയ്തു.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നടത്തിയ കന്നിപ്രസംഗം ഏറെ പ്രശംസ നേടിയിരുന്നു. ഭരണകക്ഷിക്ക് രാഷ്ട്രീയ അധികാരമുണ്ടാകാമെന്നും എന്നാല്‍ പ്രതിപക്ഷവും ജനങ്ങളുടെ ശബ്ദം സഭയില്‍ കേള്‍പ്പിക്കുന്നവരാണെന്നും രാഹുല്‍ സ്പീക്കറെ ഓര്‍മിപ്പിച്ചു. എത്ര ഫലപ്രദമായി സഭ നടന്നോ എന്നതല്ല ഇന്ത്യയുടെ ശബ്ദം ഈ സഭയില്‍ എത്രത്തോളം കേള്‍പ്പിക്കാന്‍ അവസരം നല്‍കി എന്നതാണ് ചോദ്യമെന്ന് രാഹുല്‍ തുറന്നടിച്ചു.
സ്പീക്കറെ സഹായിക്കാനും സഭ നടത്താനുമാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്. പ്രതിപക്ഷത്തെ കേള്‍ക്കല്‍ സുപ്രധാനമാണ്. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് സഹകരണമുണ്ടാകുക. പ്രതിപക്ഷത്തിന്റെ ശബ്ദം ഈ സഭയില്‍ കേള്‍ക്കാന്‍ അനുവദിക്കണം. പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്തി സഭ കൊണ്ടുപോകാമെന്നത് ജനാധിപത്യ വിരുദ്ധമായ ആശയമാണ്.
ഇപ്രാവശ്യം കഴിഞ്ഞ തവണത്തേക്കാള്‍ നിര്‍ണായകമായ രീതിയില്‍ പ്രതിപക്ഷം ഇന്ത്യന്‍ ജനതയുടെ ശബ്ദം കേള്‍പ്പിക്കും. രാജ്യത്തിന്റെ ഭരണഘടന പ്രതിപക്ഷം സംരക്ഷിക്കണമെന്ന് ഇന്ത്യന്‍ ജനത ആഗ്രഹിച്ച തെരഞ്ഞെടുപ്പാണിത്. തങ്ങളെ അതിന് അനുവദിച്ച് ഭരണഘടനയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സ്പീക്കര്‍ നിര്‍വഹിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പ്രതിപക്ഷ നേതാവാകണമെന്ന് രാഹുല്‍ ഗാന്ധിയോട് കോണ്‍ഗ്രസിന്റെ വിശാല പ്രവര്‍ത്തകസമിതി യോഗം ഒറ്റക്കെട്ടായി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങ് അവതരിപ്പിച്ച പ്രമേയം യോഗം പാസാക്കുകയും ചെയ്തു.തുടര്‍ന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് 18ാം ലോക്‌സഭയുടെ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ ഇന്‍ഡ്യ സഖ്യം തെരഞ്ഞെടുത്തത്. തുടര്‍ന്ന് രാഹുലിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തുവെന്ന് വ്യക്തമാക്കുന്ന കത്ത് പ്രോ ടൈം സ്പീക്കര്‍ക്ക് കൈമാറി