ലീവ് സറണ്ടർ സർക്കാർ വീണ്ടും കബളിപ്പിക്കുന്നുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ 2024-25 വർഷത്തെ ലീവ് സറണ്ടർ അനുവദിച്ചെന്ന പ്രഖ്യാപനം മറ്റൊരു കബളിപ്പിക്കലാണെന്ന്
സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ് അഭിപ്രായപ്പെട്ടു.
തുടർച്ചയായ അഞ്ചാം വർഷവും ലീവ് സറണ്ടർ നിഷേധിക്കപ്പെട്ടു. അഞ്ചു മാസത്തെ പൂർണ ശമ്പളമാണ് ജീവനക്കാർക്ക് നഷ്ടമായത്. ലീവ് സറണ്ടർ അനുവദിച്ചത് കടലാസിൽ മാത്രമാണ്, കാശിലല്ല. ലീവ് സറണ്ടറിന് അപേക്ഷ സമർപ്പിച്ചാൽ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് കിട്ടും, ലീവും പോകും. പി എഫിൽ ലയിപ്പിച്ച് നാലുകൊല്ലം അക്കൗണ്ടിൽ കണ്ട് നിർവൃതി അടയാം. ജീവനക്കാരൻ്റെ ഒരാവശ്യവും നിറവേറ്റാനാകില്ല. കിട്ടാത്ത തുകയ്ക്ക് ജീവനക്കാരൻ വരുമാന നികുതി അടക്കണം. നാലു കൊല്ലം കഴിഞ്ഞ് കേരളത്തിൽ അധികാരത്തിലുള്ള സർക്കാർ അവരുടെ തീരുമാനത്തിനനുസൃതമായി ചിലപ്പോൾ കിട്ടിയാലായി. പിണറായി സർക്കാരിൻ്റെ കാലത്ത് ലീവ് സറണ്ടർ ചെയ്താൽ, പണം അടുത്ത് അധികാരത്തിൽ വരുന്ന സർക്കാർ തരുമത്രെ! ശമ്പളത്തിലും ഡി എയിലും മെഡിസെപ്പിലും കാട്ടിയ ഉഡായിപ്പ് ലീവ് സറണ്ടറിൻ്റെ കാര്യത്തിൽ അഞ്ചാം വർഷവും എൽ ഡി എഫ് സർക്കാർ തുടരുകയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോദ് കെ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എസ് പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി
തിബീൻ നീലാംബരൻ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അഭിപ്രായപ്പെട്ടു.