ലോക്സഭയിലെ പ്രതിഷേധം: സസ്പെന്‍ഷനിലായ എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍ പ്രതിഷേധം നടത്തി
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ഉണ്ടായ സുരക്ഷ വീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് നടുത്തളത്തില്‍ പ്രതിഷേധിച്ചതിന് സസ്പെന്‍ഷനിലായ എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുമ്പില്‍ പ്രതിഷേധം നടത്തി. പ്‌ളക്കാര്‍ഡുമായി കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരടക്കമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.
കഴിഞ്ഞ ദിവസമാണ് ആറ് മലയാളികള്‍ അടക്കം 14 എം.പിമാരെ സസ്പെന്‍ഡ് ചെയ്തത്. സസ്പെന്‍ഡ് ചെയ്തിട്ടും സഭയില്‍ തുടര്‍ന്ന രാജ്യസഭാ എം.പി ഡെറിക് ഒബ്രയ്നെതിരെ കൂടുതല്‍ നടപടിക്ക് പ്രിവിലേജ് കമ്മിറ്റിക്ക് ശുപാര്‍ശ ചെയ്തിരുന്നു.ലോക്‌സഭയിലെ ബെന്നി ബഹനാന്‍, വികെ. ശ്രീകണ്ഠന്‍, ടിഎന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ്, എസ് ജോതിമണി, മാണിക്കം ടാഗോര്‍, മുഹമ്മദ് ജാവേദ് (കോണ്‍ഗ്രസ്), പിആര്‍ നടരാജന്‍, എസ് വെങ്കിടേശന്‍ (സിപിഎം തമിഴ്‌നാട്), കനിമൊഴി (ഡിഎംകെ), കെ സുബ്ബരായ്യന്‍ (സിപിഐ തമിഴ്‌നാട്), രാജ്യസഭയില്‍ നിന്ന് ഡെറിക് ഒബ്രെയ്നെയുമാണ് (തൃണമൂല്‍) സസ്പെന്‍ഡ് ചെയ്തത്. സഭയില്‍ ഇല്ലാത്ത ഡിഎംകെ എംപി എസ്ആര്‍ പാര്‍ത്ഥിപന്റെ പേരും പ്രള്‍ഹാദ് ജോഷി പുറത്താക്കല്‍ പ്രമേയത്തില്‍ പറഞ്ഞിരുന്നു. പിഴവ് മനസിലാക്കി പിന്നീട് തിരുത്തി.
രാവിലെ 11ന് ലോക്സഭ സമ്മേളിച്ചയുടന്‍ പ്രതിപക്ഷം ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തണമെന്നും ബിജെപി എംപി പ്രതാപ് സിംഹയുടെ ഓഫീസ് പ്രതികള്‍ക്ക് പാസ് നല്‍കിയത് എങ്ങനയെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പ്‌ളക്കാര്‍ഡുമേന്തി മുദ്രാവാക്യം വിളി തുടങ്ങി. സഭയില്‍ പ്രധാനമന്ത്രിയും മന്ത്രി അമിത് ഷായും ഇല്ലായിരുന്നു. ഇരുവരും സഭയിയിലെത്താന്‍ ആവശ്യപ്പെട്ട് എംപിമാര്‍ നടുത്തളത്തിലിറങ്ങി. ടിഎന്‍ പ്രതാപനും ആര്‍എല്‍പി എംപി ഹനുമാന്‍ ബേനിവാളും സ്പീക്കറുടെ മേശമേല്‍ ശക്തിയായി ഇടിച്ചു. പ്രതിഷേധിച്ച എംപിമാരോട് പിന്‍വാങ്ങാന്‍ സ്പീക്കര്‍ ഓം ബിര്‍ള ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് 2 മണി വരെ പിരിഞ്ഞു. രണ്ടുമണിക്ക് വീണ്ടും ചേര്‍ന്നപ്പോഴാണ് നടുത്തളത്തിലിറങ്ങിയതിന്റെ പേരില്‍ ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, ജോതിമണി (തമിഴ്‌നാട്) എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. രാജസ്ഥാനില്‍ നിന്ന് നിയമസഭയിലേക്ക് ജയിച്ച ഹനുമാന്‍ ബേനിവാള്‍ ഇന്ന് എംപിസ്ഥാനം രാജിവയ്ക്കുന്നതിനാല്‍ സസ്പെന്‍ഷന്‍ ഒഴിവായി.