വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് നാലുപേര്‍ക്ക് ദാരുണാന്ത്യം
ചെന്നൈ: വീടിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് നാലുപേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ അരിമംഗലത്തിനടുത്ത് കീഴ അംബികാപുരത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ സി മാരിമുത്തുവിന്റെ വീടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. 1972ല്‍ പണിത വീടാണിത്.
ചെന്നൈയില്‍ ഒരു അനുശോചന ചടങ്ങില്‍ പങ്കെടുക്കാന്‍ മാരിമുത്ത് പോയിരുന്ന സമയത്തായിരുന്നു ദുരന്തമുണ്ടായത്. മേല്‍ക്കൂരയുടെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയായിരുന്നു. ഹാളില്‍ കിടന്നുറങ്ങിയവരാണ് മരണപ്പെട്ടത്. മാരിമുത്തുവിന്റെ അമ്മ ശാന്തി (75), ഭാര്യ വിജയലക്ഷ്മി (45), മക്കളായ പ്രദീപ (12), ഹരിണി (10) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴുമണിയോടെയാണ് പ്രദേശവാസികള്‍ സംഭവം അറിയുന്നത്. അയല്‍ക്കാരന്‍ വീടിന്റെ ടെറസില്‍ കയറിയപ്പോള്‍ മാരിമുത്തുവിന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നുകിടക്കുന്നതായി കാണുകയായിരുന്നു. പിന്നാലെ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് എട്ടുമണിയോടെ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തുകയും നാലുപേരെയും പുറത്തെടുക്കുകയും ചെയ്‌തെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി തിരുച്ചിറപ്പള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ അരിയമംഗലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.