വീടിന് തീപിടിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ നാല് പേര് ശ്വാസം മുട്ടി മരിച്ചു
ന്യൂഡല്‍ഹി: വീടിന് തീപിടിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ നാല് പേര് ശ്വാസം മുട്ടി മരിച്ചു. ദ്വാരകയിലെ പ്രേം നഗറില്‍ പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. ഹീരാ സിംഗ് കക്കര്‍ (48), ഭാര്യ നീതു (40), മക്കളായ റോബിന് (22), ലക്ഷയ് (21) എന്നിവരാണ് മരിച്ചത്. വിവരം ലഭിച്ച ഉടന്‍ തന്നെ രണ്ട് ഫയര്‍ ടെന്‍ഡറുകള്‍ സംഭവസ്ഥലത്തേക്ക് അയച്ചതായി പൊലീസ് പറഞ്ഞു.
ഇന്വെര്ട്ടറില് നിന്നാണ് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇത് ഇരുനില കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് പടരുകയായിരുന്നു. പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് നാല് പേരും മരിച്ചത്. ഗേറ്റ് അകത്ത് നിന്ന് പൂട്ടിയിരുന്നതിനാല്‍ അഗ്നിശമന സേന ഗേറ്റ് തകര്‍ത്താണ് അകത്ത് കയറിയത്.
നാല് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ തീ അണച്ചെങ്കിലും വീടിനുള്ളില്‍ പുക നിറഞ്ഞിരുന്നു. ഹീരാ സിംഗ് കക്കറിന്റെ അമ്മ സീതാ ദേവി താഴത്തെ നിലയിലായിരുന്നതിനാല്‍ തീപ്പിടിത്തത്തില്‍ നിന്ന് രക്ഷപ്പെട്ടു. അവര്‍ക്ക് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.