വീണ്ടും പറഞ്ഞത് വിഴുങ്ങി സജി ചെറിയാന്‍: പത്താം ക്ലാസ് പാസായ ചില കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നാക്കി തിരുത്തി
തിരുവനന്തപുരം: കേരളത്തിലെ പത്താം ക്ലാസ് പാസായ കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശം വിഴുങ്ങി മന്ത്രി സജി ചെറിയാന്‍. പത്താം ക്ലാസ് പാസായ ചില കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്നാണ് താന്‍ പറഞ്ഞതെന്ന് സജി ചെറിയാന്‍ നിയമസഭയില്‍ വിശദീകരിച്ചു.
വീടിനടുത്തുള്ള ഒരു കുട്ടി എഴുതി നല്‍കിയ അപേക്ഷയില്‍ അക്ഷരത്തെറ്റ് കണ്ടതാണ് അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്. അത് കേരളത്തില്‍ മൊത്തത്തില്‍ പ്രശ്‌നമാക്കേണ്ട കാര്യമില്ല. ഇത് ജാനാധിപത്യ രാജ്യമല്ലേ എന്നും ചര്‍ച്ച നടക്കട്ടെ എന്നും സജി ചെറിയാന്‍ വ്യക്തമാക്കി. കൂടാതെ, തെറ്റായി അപേക്ഷ നല്‍കിയ അയല്‍വാസിയായ കുട്ടിയുടെ പേരും സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു.
പത്താം ക്ലാസ് പാസായ ചില കുട്ടികള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന നയം സര്‍ക്കാറിനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും നിയമസഭയില്‍ വ്യക്തമാക്കിയത്. പ്രസംഗത്തിന്റെ ഒഴുക്കിന് വേണ്ടിയാണ് സജി ചെറിയാന്‍ പറഞ്ഞത്. അത് ഗൗരവമായി എടുക്കേണ്ട. നന്നായി പഠിച്ച് പരീക്ഷ എഴുതിയാണ് വിദ്യാര്‍ഥികള്‍ വിജയിക്കുന്നത്. അത്തരത്തില്‍ വിജയിച്ച കുട്ടികള്‍ക്ക് പ്ലസ് വണിന് അഡ്മിഷന്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
അക്യുധാം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ നടന്ന അക്യുപങ്ചര്‍ കോണ്‍വൊക്കേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്യവെയാണ് കേരളത്തില്‍ പത്താം ക്ലാസ് ജയിച്ചവരില്‍ നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. പണ്ടൊക്കെ എസ്.എസ്.എല്‍.സിക്ക് 210 മാര്‍ക്ക് വാങ്ങാന്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ ഓള്‍പാസാണെന്നും അദ്ദേഹം പറഞ്ഞു.
എസ്.എസ്.എസ്.സിക്ക് 99.99 ശതമാനമാണ് വിജയം. ഒരാളും തോല്‍ക്കാന്‍ പാടില്ല. ആരെങ്കിലും തോറ്റുപോയാല്‍ അത് സര്‍ക്കാറിന്റെ പരാജയമായി ചിത്രീകരിക്കുന്നു. 50 ശതമാനം പേര്‍ മാത്രം വിജയിച്ചാല്‍ പിറ്റേന്ന് സര്‍ക്കാര്‍ ഓഫിസുകളിലേക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിഷേധമുയരും. എല്ലാവരെയും ജയിപ്പിച്ചു കൊടുക്കുന്നതാണ് നല്ല കാര്യം. അത് ശരിയല്ലെന്ന് പറഞ്ഞ വിദ്യാഭ്യാസമന്ത്രി ഈ മേഖലയില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.