സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: മണ്ണിടിച്ചിലിൽ അമ്മയും മകളും മരിച്ചു, വിവിധയിടങ്ങളിൽ വീടുകളിൽ വെള്ളംകയറി
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിലും മഴക്കെടുതി രൂക്ഷം. മലക്കപ്പാറയിൽ കേരള തമിഴ്നാട് അതിർത്തിയിൽ മണ്ണിടിഞ്ഞ് അമ്മയും മകളും മരിച്ചു. രാജേശ്വരി, ജ്ഞാന പ്രിയ എന്നിവരാണ് മരിച്ചത്. കണ്ണൂർ ജില്ലയെയും വയനാട് ജില്ലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന നെടുമ്പൊയിൽ ചുരത്തിൽ വിള്ളൽ രൂപപ്പെട്ടു സാഹചര്യത്തിൽ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പാൽ ചുരം സഞ്ചാരയോഗ്യമാണ്. ഭൂതത്താൻ കെട്ട് ഡാമിൻ്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്.
സംസ്ഥാനത്ത് പലയിടത്തും വീടുകളിൽ വെള്ളം കയറിതിനെ തുടർന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. കല്ലാർകുട്ടി ഡാമിൻറെ നാല് ഷട്ടറുകൾ 90 സെൻറീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. മുതിരപ്പുഴയാർ, പെരിയാർ നദികളുടെ തീരങ്ങളിൽ ജാഗ്രത പുലർത്തണെന്ന് നിർദ്ദേശമുണ്ട്.
പാലക്കാട് പലയിടത്തും വീടുകളിൽ വെള്ളം കയറി. റോഡ് ഗതാഗതം തടസ്സപ്പെട്ടു. കല്‍പ്പാത്തി ഗണേഷ് നഗറില്‍ വീട്ടില്‍ വെള്ളം കയറി. പാലക്കാട് കയറാടി വില്ലേജ് മൈലാടും പരിതയില്‍ ഉരുള്‍ പൊട്ടി 12 കുടുംബങ്ങളെ തിരു ഹൃദയ ദൈവാലയ ഹാളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു. വടവന്നൂർ വില്ലജ് ആലമ്പള്ളം പുഴപ്പാലം കര കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് 15 വീടുകളിലെ 50 പേരെ ചൈതന്യ കല്യാണമാണ്ഡപത്തില്‍ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ആളപായമില്ല. തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു
കല്ലടിക്കോട് തുപ്പനാട് പുഴ കരകവിഞ്ഞൊഴുകുന്നു. സമീപത്തുള്ള വീടുകളില്‍ നിന്നും ആളുകളെ മാറി താമസിക്കാന്‍ പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കരിമ്പമമ്പുറം മുട്ടത്തേല്‍ ജോസിന്റെ വീട്ടിന്റെ വെള്ളം കയറി.കന്നുകാലികളെ തല്‍ക്കാലം മാറ്റി.
എറണാകുളം ജില്ലയിൽ പറവൂർ, ആലുവ, കോതമംഗലം പ്രദേശങ്ങളിലായി നിരവധി വീടുകളിൽ വെള്ളം കയറി. പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. പെരിയാറിൽ നിന്ന് കൈവഴികളിലൂടെ സമീപത്തെ പാടശേഖരങ്ങളിലേക്കും താഴ്ന്നഭാഗങ്ങളിലേക്കും വെള്ളം കയറി തുടങ്ങി. ജില്ലയിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. കല്ലാർകുട്ടി ഡാമിൻറെ നാല് ഷട്ടറുകൾ 90 സെൻറീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. മുതിരപ്പുഴയാർ, പെരിയാർ നദികളുടെ തീരങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്.
കാലടി, മാർത്താണ്ഡവർമ പാലം എന്നിവിടങ്ങളിലെ ജല നിരപ്പ് മുന്നറിയിപ്പിനും മുകളിലായിട്ടുണ്ട്. പാതാളം ആർ സി ബിയുടെ പന്ത്രണ്ട് ഷട്ടറുകൾ ഉയർത്തി, കണക്കൻ കടവ് ആർ സി ബിയുടെ പത്ത് ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്.
കോതമംഗലത്ത് ടൗൺ യു പി സ്കൂളിലേക്ക് പതിനൊന്ന് കുടുംബങ്ങളിൽ നിന്നായി മുപ്പത് പേരെ മാറ്റിപ്പാർപ്പിച്ചു. പറവൂരിൽ നിരവധി വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങി. ഇവിടുത്തെ ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. കടുങ്ങല്ലൂർ കുറ്റിക്കാട്ടുകാര ഗവ.സ്കൂളിൽ ക്യാമ്പ് തുടങ്ങി.
കോതമംഗലം തൃക്കാരിയൂർ ജവഹർ കോളനിയിൽ 33-ഓളം വീടുകളിൽ വെള്ളം കയറിത്തുടങ്ങി. മുണ്ടുപാലത്തും വെള്ളം കയറുന്നുണ്ട്. രണ്ടു കുടുംബങ്ങളെ സമീപത്തുള്ള സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്.
മൂവാറ്റുപുഴയിലും തൊടുപുഴയിലും ജലനിരപ്പ് അപകട നിരപ്പിനും മുകളിലായിട്ടുണ്ട്. കാളിയാർ, കോതമംഗലം കക്കാടശ്ശേരിയിലും ജല നിരപ്പ് മുന്നറിയിപ്പ് ലെവലിനും മുകളിലാണ്.
ആലുവ,വടക്കുംഭാഗം വില്ലേജ് വട്ടത്തറ ഭാഗത്തു നാലു വീടുകളിൽ വെള്ളം കയറി. നിലവിൽ സാധനങ്ങൾ ഉൾപ്പടെ സുരക്ഷിത സ്ഥാനങ്ങളിലേക് മാറ്റിയിട്ടുണ്ട്. വട്ടത്തറ 3-ാം നമ്പർ അങ്കണവാടിയിൽ ക്യാമ്പ് തുടങ്ങിയിട്ടുണ്ട്.