സര്‍ക്കാരും സിപിഎമ്മും നവീന്‍ ബാബുവിന്റെ കേസില്‍ ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പം: വി ഡി സതീശന്‍
തിരുവനന്തപുരം: സര്‍ക്കാരും സിപിഎമ്മും നവീന്‍ ബാബുവിന്റെ കേസില്‍ ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാരോടൊപ്പമാണ് എന്ന പ്രതിക്ഷത്തിന്റെ നിലപാട് ശരിവെക്കുന്നതാണ് ഇന്നലെ നവീന്‍ ബാബുവിന്റെ ഭാര്യ ഹൈക്കോടതിയില്‍ കൊടുത്ത സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുള്ള ഹര്‍ജിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കൈക്കൂലി ചോദിച്ചു എന്ന് പറയുന്ന വ്യാജ രേഖ ഉണ്ടാക്കിയവരെ കുറിച്ച് അന്വേഷണമില്ല. നവീന്‍ ബാബുവിന്റെ വീട്ടില്‍പോയി കുടുംബത്തോടൊപ്പമാണെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറി, കേസിലെ പ്രതി ജയിലില്‍ നിന്ന് ഇറങ്ങുമ്പോള്‍ സ്വീകരിക്കാന്‍ ഭാര്യയെ പറഞ്ഞയച്ചത് സിപിഎമ്മിന്റെ ഇരട്ടത്താപ്പാണ്.
ഗൗരവതരമായ വീഴ്ചകള്‍ ഹര്‍ജിയില്‍ പറയുന്നുണ്ട്. ഇതൊരു കൊലപാതകമാണെന്ന് സംശിക്കുന്നുണ്ടെന്ന കുടുംബത്തിന്റെ ആരോപണം ഞെട്ടിക്കുന്നതാണെന്നും വിഡി സതീശന്‍ പറഞ്ഞു.
'ഇതില്‍ വലിയ ദുരൂഹതകളുണ്ട്. പെട്രോള്‍ പമ്പ് ആരുടേതാണ്. പ്രശാന്തന് കോടികള്‍ മുടക്കി പമ്പ് തുടങ്ങാനുള്ള കഴിവില്ല. ആരുടെ ബിനാമിയാണ് പ്രശാന്തന്‍ എന്നതാണ് ചോദ്യം. അന്വേഷണം ശരിയായ രീതിയില്‍ നടന്നാല്‍ ആ ബിനാമി ഇടപാട് വരെ പുറത്തുവരും. വലിയ സാമ്പത്തിക ഇടപാടാണ് ഇതിന് പിന്നില്‍ നടന്നിരിക്കുന്നത്. ഒരു പ്രധാനപ്പെട്ടയാളുടെ ബിനാമിയായിട്ടാണ് പ്രശാന്തന്‍ പ്രവര്‍ത്തിച്ചിരുന്നത്.'
കോടതി സമ്മതിക്കാതിരുന്നതുകൊണ്ട് ദിവ്യയെ അറസ്റ്റ് ചെയ്യേണ്ടി വന്നു. എന്നിട്ടും ദിവ്യയെ സാന്ത്വനിപ്പിക്കാനും പ്രീതിപ്പെടുത്താനുമാണ് പാര്‍ട്ടി സെക്രട്ടറിയുടെ ഭാര്യയടക്കം പോയതെന്നും വിഡി സതീശന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ദിവ്യക്ക് കുറേ രഹസ്യങ്ങള്‍ അറിയാം. അത് വെളിപ്പെടുത്തുമോ എന്ന പേടി പാര്‍ട്ടിയുടെ നേതാക്കന്മാര്‍ക്കുണ്ട്.
നവീന്‍ ബാബുവിനെതിരായ പി.പി. ദിവ്യയുടെ പ്രസംഗം അവര്‍ക്ക് വേണ്ടിത്തന്നെ ആയിരുന്നോ അതോ മറ്റാര്‍ക്കെങ്കിലും വേണ്ടിയായിരുന്നോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. ഇപ്പോഴും ദിവ്യയെ തള്ളിപ്പറയാതെ, നവീന്‍ബാബു അഴിമതിക്കാരനാണെന്ന സംശയമുള്ള രീതിയിലാണ് സിപിഎം നേതാക്കള്‍ സംസാരിക്കുന്നതെന്നും വിഡി സതീശന്‍ ആരോപിച്ചു