സിനിമ എടുക്കാൻ കഥയുണ്ടോ: ഒരു ലക്ഷം തരാമെന്ന് അൻജന വാർസ്
കൊച്ചി: എല്ലാവരുടെയും ഉള്ളിലുള്ള സിനിമാക്കഥ തേടി ഒരു നിർമ്മാണ കമ്പനി. ജനങ്ങളുടെ ഉള്ളിലുള്ള കഥയ്ക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനവും അവർ പ്രഖ്യാപിച്ചു. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി ഒരുമിക്കുന്ന “തെക്ക് വടക്ക്” സിനിമയുടെ നിർമ്മാതാക്കളായ അൻജന ടാക്കീസും വാർസ് സ്റ്റുഡിയോസുമാണ് നല്ല കഥ തേടി എല്ലാവരിലേയ്ക്കും ഇറങ്ങുന്നത്.
നടന്ന സംഭവങ്ങൾ, സാഹിത്യം എന്നിവയിൽ നിന്ന് അഞ്ച് സിനിമകൾ നിർമ്മിക്കുകയെന്ന ആദ്യ ലക്ഷ്യം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അതിലെ, ആദ്യ സിനിമ വിനായകനും സുരാജും ഒന്നിക്കുന്ന തെക്ക് വടക്ക് രചിക്കുന്നത് ജല്ലിക്കെട്ട്, ചുരുളി, നൻപകൽ നേരത്ത് മയക്കം തുടങ്ങിയ സിനിമകൾ രചിച്ച പ്രശസ്ത എഴുത്തുകാരൻ എസ്. ഹരീഷാണ്.
രണ്ടു പേജിൽ കവിയാതെ നടന്ന സംഭവമോ, മനസിലുള്ള കഥയോ എഴുതി അയക്കാനാണ് കമ്പനി ആവശ്യപ്പെട്ടിരിക്കുന്നത്. ആ കഥാസാരത്തിന്റെ അടിസ്ഥാനത്തിൽ ചർച്ചകളും കൂടിക്കാഴ്ചകളും നടത്തി കണ്ടെത്തുന്ന രണ്ടു സിനിമകൾ കമ്പനി നിർമ്മിക്കും.
ടി.ഡി രാമകൃഷ്ണൻ, എം. പദ്മകുമാർ, എസ്. ഹരീഷ്, അൻജന ഫിലിപ്പ്, വി.എ ശ്രീകുമാർ, ലാസർ ഷൈൻ, സജിൻ ബാബു തുടങ്ങിയവരുടെ ജൂറിയാണ് സിനിമയാക്കാനുള്ള കഥകൾ കണ്ടെത്തുന്നത്.
മിന്നൽ മുരളി, ആർഡിഎക്സ് സിനിമകളുടെ സഹനിർമ്മാതാവായ അൻജന ഫിലിപ്പും പരസ്യ സംവിധായകനും ബ്രാൻഡ് സ്ട്രാറ്റജിസ്റ്റുമായ വി.എ ശ്രീകുമാറുമാണ് അൻജന- വാർസിനു പിന്നിൽ.
“ചിലപ്പോൾ നമുക്ക് തോന്നില്ലേ… ഈ സംഭവം സിനിമയാക്കാൻ പറ്റുന്നതാണല്ലോ എന്ന്… നടന്ന സംഭവങ്ങളോ, നമ്മൾ ആലോചിച്ച് ഉണ്ടാക്കിയതോ ആകാം ആ കഥകൾ… ചിലപ്പോഴത് എഴുതി വെച്ചിട്ടുണ്ടാകാം… എഴുതണമെന്ന് തോന്നിയിട്ടുണ്ടാകാം.. ഇപ്പോഴത് എഴുതാനുള്ള ഒരു അവസരം ഞങ്ങൾ ഒരുക്കുകയാണ്”- അൻജന ഫിലിപ്പ് പറയുന്നു.
“നല്ല കഥ, എവിടെയുണ്ടെങ്കിലും കണ്ടെത്തുക എന്നതാണ് ലക്ഷ്യമിടുന്നത്. ഭാവനയെക്കാളും മികച്ചതാകാം യാഥാർത്ഥ്യം. കാമ്പുള്ള കഥകൾ കണ്ടെത്താനുള്ള പല വഴികളിൽ ഒന്നായിട്ടാണ് ഞങ്ങളിതിനെ കാണുന്നത്. കഥയുള്ള എല്ലാവർക്കും കടന്നു വരാനുള്ള അവസരമാകണം ഇതെന്ന് പ്രതീക്ഷിക്കുന്നു”- വി.എ ശ്രീകുമാർ പറഞ്ഞു.
2024 ഏപ്രിൽ 15നു മുൻപ് കഥാസാരം stories@anjanavars.com എന്ന ഇ- മെയിൽ വിലാസത്തിൽ അയക്കണം.