സുപ്രീം കോടതിയില്‍ കേന്ദത്തിന് തിരിച്ചടി
ന്യൂഡല്‍ഹി: കേരളത്തിന്റെ കടമെടുപ്പിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച 'സുപ്രീംകോടതിയിലെ ഹര്‍ജി പിന്‍വലിക്കണം' എന്ന വിവാദ ഉപാധി സുപ്രീംകോടതി നീക്കി. വിവാദ ഉപാധിയില്ലാതെ 13,608 കോടി രൂപ കടമെടുപ്പിനുള്ള അനുമതി നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമ്മതിച്ചതിന് പിന്നാലെ കേരളം പുതായി തേടിയ 21,000 കോടിയുടെ അധിക കടമെടുപ്പിനുള്ള അനുമതി കേന്ദ്ര - കേരള ഉദ്യോഗസ്ഥര്‍ അഭിഭാഷകാരുടെ സാന്നിധ്യത്തില്‍ ഇന്ന് വൈകീട്ട് ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കാന്‍ കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് കേന്ദ്രത്തിന് തിരിച്ചടിയായ നടപടി.
കേന്ദ്രവും കേരളവും തമ്മിലുള്ള ആദ്യ ചര്‍ച്ചയില്‍ 13,608 കോടിക്കാണ് ഉപാധികളോടെ കേന്ദ്രം അനുമതി നല്‍കിയതെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഇത് കേന്ദ്രത്തിന്റെ തന്നെ തീരുമാനമാണ്. എന്നാല്‍ അതിനായി മറ്റു ഉപാധികള്‍ക്കൊപ്പം സുപ്രീംകോടതിയിലെ ഹരജി പിന്‍വലിക്കണമെന്ന വ്യവസ്ഥ എന്തിനാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് ചോദിച്ചു. മറ്റു വ്യവസ്ഥകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണ്. അത് കേരളം അംഗീകരിക്കാതിരിക്കില്ല. ഹരജി പിന്‍വലിക്കണമെന്ന അവസാന ഉപാധി ഒഴിവാക്കാനാകുമോ എന്ന് തുടര്‍ന്ന് സുപ്രീംകോടതി ചോദിച്ചു. ഹരജി പിന്‍വലിക്കണമെന്ന വ്യവസ്ഥയിലൂടെ നീതിപൂര്‍വകമല്ലെങ്കില്‍ പോലും കോടതിയില്‍ പോകരുതെന്നാണ് കേന്ദ്രം പറയുന്നത് എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
13608 കോടിയോടെ കേരളത്തിന്റെ താല്‍ക്കാലിക പ്രശ്‌നം തീരില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്നും 15,000 കോടി രൂപ കൂടി വേണമെന്നും സിബല്‍ മറുപടി നല്‍കി. 13608 കോടി കേന്ദ്രത്തിന്റെ നയപ്രകാരമുള്ളതാണെന്നും അതിന് ഒരു അനുമതിയും വേണ്ടെന്നും സിബല്‍ ബോധിപ്പിച്ചു. അധികമായി 15,000 കോടി വേണമെന്നാണ് പറയുന്നത്. (ഇത് പിന്നീട് 21,000 കോടി എന്ന് കേരളത്തിനെറ സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ സി.കെ ശശി തിരുത്തി) അതും കേരളത്തിന് അവകാശപ്പെട്ടതാണ്. അതിന് അനുവദിക്കില്ലെന്നും ബോണ്ട് എടുക്കാനോ വായ്പ എടുക്കാനോ പറ്റില്ലെന്നും കേന്ദ്രം പറയുന്നു. രണ്ട് ചൊവ്വാഴ്ച കൂടി കഴിഞ്ഞാല്‍ പിന്നെ കടുമെടുമെടുക്കാനാകാത്ത സാഹചര്യമാകുമെന്നും സിബല്‍ ഓര്‍മിപ്പിച്ചു.
അതേ തുടര്‍ന്ന് ഇപ്പോള്‍ കേന്ദ്രം അനുമതി നല്‍കി 13608 കോടി എടുക്കാന്‍ കേരളത്തോട് ആവശ്യപ്പെട്ട സുപ്രീംകോടതി അധികമായി ചോദിച്ച തുകയുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ ഇന്ന് തന്നെ കേന്ദ്രവും കേരളവും ചര്‍ച്ച നടത്തണമെന്ന് നിര്‍ദേശിച്ചു. ഇന്ന് വൈകീട്ട് കേന്ദ്ര, കേരള ഉദ്യോഗസ്ഥര്‍ നോര്‍ത്ത് ബ്ലോക്കില്‍ ചര്‍ച്ചക്കിരിക്കാമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ വെങ്കിട്ട രമണിയും അഡീഷനല്‍ സോളിസിറ്റര്‍ ജനറലും കേരളത്തിന് വേണ്ടി കപില്‍ സിബലും സമ്മതിച്ചു.