ഹജ്ജിന് പോകാന്‍ യോഗ്യത നേടിയവര്‍ ആവശ്യമായ പ്രതിരോധ വാക്‌സിനുകള്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം
മസ്‌ക്കറ്റ്: ഈ വര്‍ഷം ഹജ്ജിന് പോകാന്‍ യോഗ്യത നേടിയവര്‍ ആവശ്യമായ പ്രതിരോധ വാക്‌സിനുകള്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഓരോ ഗവര്‍ണറേറ്റിലെയും മന്ത്രാലയം വ്യക്തമാക്കിയ ആരോഗ്യ സ്ഥാപനങ്ങളില്‍പോയി വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്.
സീസണല്‍ ഫ്‌ലൂ, മെനിങോകോക്കല്‍ കണ്‍ജഗേറ്റ് വാക്‌സിന് (അഇഥണ135) എന്നിവയാണ് എടുക്കേണ്ടത്. മെനിഞ്ചൈറ്റിസിന്റെ സങ്കീര്‍ണതകളില്‍നിന്ന് സംരക്ഷിക്കാന്‍ ഉതകുന്ന മെനിങ്ങോകോക്കല്‍ കണ്‍ജഗേറ്റ് വാക്‌സിന് (അഇഥണ135) അഞ്ച് വര്‍ഷത്തെ സംരക്ഷണ കാലാവധിയുണ്ട്. അതിനാല്‍, ഈ വാക്‌സിനെടുത്ത് അഞ്ചുവര്‍ഷമായിട്ടില്ലെങ്കില്‍ ഇത് വീണ്ടും സ്വീകരിക്കേണ്ടതില്ല. എന്നാല്‍, ഈ വാക്‌സിന്‍ മുമ്പ് എടുത്തിട്ടുള്ളതാണ് എന്നതിന് തെളിവ് ഹാജരാക്കണം. തീര്‍ഥാടകര്‍ ഹജ്ജ് യാത്രക്ക് പത്ത് ദിവസം മുമ്പെങ്കിലും ഈ വാക്‌സിനുകള്‍ എടുക്കണമെന്നും ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. അണുബാധയുടെ വ്യാപനം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് മുകളില്‍ പറഞ്ഞ വാക്‌സിനുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണെന്നും അധികൃതര്‍ അറിയിച്ചു.
ഈ വര്‍ഷം ഒമാനില്‍നിന്ന് 13,586 പേരാണ് ഹജ്ജിന് അര്‍ഹത നേടിയിട്ടുള്ളത്. 6,683 പുരുഷന്മാരും 6,903 സ്ത്രീകളും ഉള്‍പ്പെടെയാണിത്. ഇതില്‍ ഏതാണ്ട് 32.3 ശതമാനം പേര്‍ 46 മുതല്‍ 60 വയസ്സിന് ഇടയില്‍ ഉള്ളവരും 42.4 ശതമാനം പേര്‍ 31-45 വയസ്സുള്ളവരും ആണ്. 20 ശതമാനം പേര്‍ 60 വയസ്സിനു മുകളിലുള്ളവരുമാണ്. ഹജ്ജിനുള്ള സേവന ഫീസ് എന്‍ഡോവ്മെന്റ്, മതകാര്യ മന്ത്രാലയം നേരത്തേ പ്രഖ്യാപിച്ചിരുന്നു. മദീനയിലേക്ക് വിമാനമാര്‍ഗം 6,274.98 സൗദി റിയാലും ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളത്തിലേക്ക് 6,078.33 സൗദി റിയാലും ആണ് നിരക്ക്.
മദീനയിലേക്കോ മക്കയിലേക്കോ റോഡ് മാര്‍ഗമുള്ള യാത്രക്ക് 4,613.23 സൗദി റിയാലുമാണ് മിനയിലെയും അറഫാത്തിലെയും ക്യാമ്പുകള്‍ക്കുള്ള സേവന ഫീസ്, ടെന്റ്, ഉപകരണങ്ങള്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, ഗതാഗത ഫീസ്, 15 ശതമാനം മൂല്യവര്‍ധിത നികുതി, ഹജ്ജ് കാര്‍ഡ് പ്രിന്റ് ചെയ്യുന്നതിനുള്ള ചെലവ് ( 2.5 ഒമാന്‍ റിയാല്‍), ഒമാനികള്‍ അല്ലാത്തവര്‍ക്ക് വിസ ഫീസ് (300 സൗദി റിയാല്‍) എന്നിവ ഉള്‍പ്പെടെയുള്ള ചെലവുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.