ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ 131 കേസുകള്‍; ശിക്ഷ ലഭിച്ചത് 3 കേസുകൾക്ക് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ എട്ടു വർഷത്തിനിടെ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്തത് 131 കേസുകള്‍. 2016 ഏപ്രില്‍ മുതല്‍ 2024 ഒക്‌ടോബര്‍ 8 വരെയുള്ള കണക്കുകളാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും മൂന്നു പ്രതികള്‍ മാത്രമാണ് ആകെ ശിക്ഷിക്കപ്പെട്ടത്.
ചികിത്സാപ്പിഴവുമായി ബന്ധപ്പെട്ട് 69 കേസുകളും പീഡനത്തിന് എതിരെ 32 കേസുകളും മറ്റ് അതിക്രമങ്ങള്‍ക്ക് 30 കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത് - 23 എണ്ണം. ആലപ്പുഴയില്‍ 16 ഉം കോട്ടയത്ത് 17 ഉം കേസുകൾ ഉണ്ട്. ഏറ്റവും കൂടുതല്‍ പീഡനക്കേസുകളും തിരുവനന്തപുരത്താണ് - 6 എണ്ണം. ചികിത്സാപ്പിഴവിന് ആലപ്പുഴയിലും കോട്ടയത്തും 11 കേസുകള്‍ വീതമാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസുകളില്‍ കൊല്ലത്ത് രണ്ട് പ്രതികളും വയനാട്ടില്‍ ഒരാളും മാത്രമാണ് ശിക്ഷിക്കപ്പെട്ടത്.