രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 12 കർഷക ആത്മഹത്യ; കർഷകരെ കരിച്ചുകളയുന്ന സൂര്യനായി മുഖ്യമന്ത്രി മാറിയെന്ന് കെപിസിസി പ്രസിഡന്റ്
തിരുവനന്തപുരം: കേരളത്തിലെ കർഷകരെ കരിച്ചുകളയുന്ന സൂര്യനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. സമ്പൽസമൃദ്ധമായിരുന്ന കേരളത്തിന്റെ കാർഷികരംഗം ഇന്നു കർഷകരുടെ ശവപ്പറമ്പായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
12 കർഷകരാണ് രണ്ടു മാസത്തിനുള്ളിൽ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഇങ്ങനെ കേട്ടുകേൾവി പോലുമില്ല. കണ്ണൂരിൽ മാത്രം നാലു കർഷകർ ആത്മഹത്യ ചെയ്തു. നവകേരള സദസുമായി കണ്ണൂരിലേക്ക് കടന്നുവന്ന മുഖ്യമന്ത്രിയുടെ മുന്നിലെത്തിയ ആദ്യ കുറുപ്പുകളിൽ ഒന്ന് ഇരിട്ടിയിലെ സുബ്രഹ്മണ്യൻ എന്ന കർഷകന്റെ ആത്മഹത്യാക്കുറിപ്പ് ആയിരുന്നു. ഏറ്റവും ഒടുവിൽ കണ്ണൂർ ആലക്കോട് പാത്തൻപാറ നൂലിട്ടാമലയിലെ വാഴകർഷകൻ ഇടപ്പാറക്കൽ ജോസ് ജീവിതം അവസാനിപ്പിച്ചത് കടുത്ത കടബാധ്യതയും കാട്ടുപന്നിശല്യവും മൂലമാണ്. വിളകളുടെ വിലയിടിവും വിളനാശവും കാരണം വായ്പ്‌പയെടുത്ത തുക തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതിയിലാണ് കർഷകർ.
കടബാധ്യതയും കാട്ടുപന്നിശല്യവും മൂലമാണ്. വിളകളുടെ വിലയിടിവും വിളനാശവും കാരണം വായ്പയെടുത്ത തുക തിരിച്ചടയ്ക്കാൻ കഴിയാത്ത സ്ഥിതിയിലാണ് കർഷകർ. അവർക്ക് മുന്നിലാണ് ബാങ്കുകളുടെ ജപി ഭീഷണിയും വന്യമൃഗശല്യവും ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ വാപൊളിക്കുന്നത്. പ്രധാനമന്ത്രി നൽകിയ പത്തുപതിനെട്ടു ഗ്യാരണ്ടിയെടുത്തു വീശിയാൽ കടുവയും പുലിയുമൊന്നും തിരിച്ചുപോകില്ല. രാജ്യത്തിന്റെ കാർഷികമേഖലയെ കോർപറേറ്റുകൾക്ക് എറിഞ്ഞുകൊടുത്തതിന്റെ പൂർണ ഉത്തരവാദിത്വം മോദി സർക്കാരിനാണ്. അവരുടെ നയങ്ങളാണ് രാജ്യമെമ്പാടുമുള്ള
കർഷകരെ മഹാദുരിതത്തിലാക്കിയത്.
കേരളത്തിന്റെ എല്ലാ കാർഷിക വിളകളും വലിയ തകർച്ചയെ നേരിടുകയാണ്. കാർഷികകേരളത്തിൻ്റെ നട്ടെല്ലായ തെങ്ങും റബറുമൊക്കെ നിലംപൊത്തിയിട്ട് കാലമേറെയായി. റബർ കർഷകരുടെ താത്പര്യം സംരക്ഷിക്കാനാണെന്നു പറഞ്ഞ് ഭരണത്തിലിരിക്കുന്ന കേരള കോൺഗ്രസ് മാണി വിഭാഗവും കർഷകരെ മറന്നു. നാമമാത്രമായുള്ള കർഷക പെൻഷൻ മുടങ്ങിയിട്ട് ആറു മാസത്തിലധികമായി. ക്ഷേമപെൻഷൻകൊണ്ട് ജീവിതം തള്ളിവിടുന്നവർ നിരാശയുടെ പടുകുഴിയിലാണ്.
അതേസമയം സർക്കാരിൻ്റെ ആർഭാടവും ദുർച്ചെലവുമെല്ലാം ഒരു തടസവുമില്ലാതെ നടക്കുന്നുണ്ട്. 27.12 കോടിയുടെ കേരളീയം, ശതകോടികളുടെ നവകേരള യാത്ര. ഡൽഹിയിലെ പ്രത്യേക പ്രതിനിധിക്ക് 12.50 ലക്ഷം രൂപയുടെ ഓണറേറിയം. കൂടാതെ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെ അഞ്ചു സ്റ്റാഫും സൗകര്യങ്ങളും ഏർപ്പെടുത്തി. ഇദ്ദേഹം കേരളത്തിനുവേണ്ടി എന്താണു ഡൽഹിയിൽ ചെയ്‌തെന്നു മുഖ്യമന്ത്രി വ്യക്തമാക്കണം. ക്ഷീര കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിനു മാത്രം 46.25 ലക്ഷം രൂപ. കാഴ്‌ചബംഗ്ലാവാക്കിയ നവകേരള ബസിന് ഒരു കോടിയിലധികമായെന്നും കെ. സുധാകരൻ ചൂണ്ടിക്കാട്ടി.
നവകേരളസദസിൽ കർഷകർ നൽകിയ പരാതികളെല്ലാം കൂട്ടിയിട്ട് മന്ത്രിമാർ ഇപ്പോൾ അതിന്മേലാണ് ഉറക്കമെന്ന് കെ. സുധാകരൻ പരിഹസിച്ചു. അത്മഹത്യ ചെയ് കർഷകരുടെ കുടുംബങ്ങൾ സഹായം അഭ്യർത്ഥിച്ച് നവകേരളസദസിൽ ഉൾപ്പെടെ പരാതി നൽകിയെങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. ആത്മഹത്യ ചെയ്‌ത കർഷകരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായവും കടക്കെണിയിലായ കർഷകരെ സംരക്ഷിക്കുന്നതിന് സാമ്പത്തിക പാക്കേജും നൽകണമെന്നും കെ. സുധാകരൻ എംപി ആവശ്യപ്പെട്ടു.