നീറ്റ് ചോദ്യപേപ്പർ ചോർത്തിയ സംഭവത്തിൽ 13 പേർ അറസ്റ്റിൽ
ന്യൂഡൽഹി: നീറ്റ് യു. ജി ചോദ്യപേപ്പർ ചോർന്നില്ലെന്ന ടെസ്റ്റിംഗ് ഏജൻസിയുടെയും കേന്ദ്ര സർക്കാരിന്റെയും വാദം പൊളിഞ്ഞു. ബീഹാറിൽ 30 ലക്ഷം വീതം വാങ്ങി നീറ്റ് ചോദ്യപേപ്പർ ചോർത്തിവിറ്റത് സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇ.ഒ.യു) കണ്ടെത്തി. തുടർന്ന് ചോദ്യപേപ്പർ മാഫിയയിലെ നാലു പേരും നാല് വിദ്യാർത്ഥികളും രക്ഷിതാക്കളും അടക്കം 13 പേർ അറസ്റ്റിലായി. 35 പേർക്ക് ചോർത്തി നൽകിയെന്നാണ് പ്രാഥമികവിവരം.
മെയ് അഞ്ചിനായിരുന്നു പരീക്ഷ. തലേന്ന് ചോദ്യപേപ്പർ കിട്ടിയെന്നാണ് അറസ്റ്റിലായ വിദ്യാർത്ഥി ആയുഷ്കുമാറിന്റെ മൊഴി. സുപ്രീംകോടതി ഇടപെടലിനെത്തുടർന്ന് 1563 വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് റദ്ദാക്കി റീടെസ്റ്റിന് നിർബന്ധിതരായപ്പോഴും ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്നാണ് ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻ. ടി. എ) ആവർത്തിച്ചത്.
വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ ആറ് പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ കണ്ടെടുത്തിട്ടുണ്ട്. പരീക്ഷ എഴുതിയ ഏഴ് ബീഹാർ സ്വദേശികൾക്കും യു. പി, മഹാരാഷ്ട്ര സ്വദേശികൾക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. ചോദ്യപേപ്പർ മാഫിയയിലെ കണ്ണി സമസ്‌തിപൂരിലെ ജൂനിയർ എൻജിനിയർ സിക്കന്ദർ പ്രസാദ് അടക്കം നാലു പേർ പാറ്റ്നാ പൊലീസിന്റെ പിടിയിലായതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്.