15 വര്‍ഷം മുമ്പ് കാണാതായ 20കാരിയുടെ മൃതദേഹത്തിനായി സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധന
ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുമ്പ് കാണാതായ 20കാരിയുടെ മൃതദേഹത്തിനായി വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്ക് പൊളിച്ച് പരിശോധന. മാന്നാര്‍ സ്വദേശി അനിലിന്റെ ഭാര്യ കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനാണ് മുമ്പ് സെപ്റ്റിക് ടാങ്കുണ്ടായിരുന്ന സ്ഥലത്ത് കുഴിച്ച് പരിശോധന നടത്തുന്നത്. അഞ്ചുപേര്‍ ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് രണ്ട് മാസം മുമ്പ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. സംഭവത്തില്‍ അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അഞ്ചാമനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
അനിലും കലയും പ്രണയിച്ച് വിവാഹിതരായതാണ്. കലയെ കാണാതായതോടെ പൊലീസിന് പരാതി ലഭിച്ചെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിരുന്നില്ല. കാണാതാവുമ്പോള്‍ കലക്ക് കുഞ്ഞുണ്ടായിരുന്നു. അനില്‍ പിന്നീട് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. നിലവില്‍ ഇസ്രായേലില്‍ ജോലി ചെയ്യുന്ന അനിലിനെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.