കെഎസ്‌ആര്‍ടിസിയുടെ കടബാധ്യത 15, 281.92 കോടി
ചാത്തന്നൂർ: കെഎസ്‌ആർടിസിയുടെ ആകെ കട ബാധ്യത 15,281. 92 കോടി രൂപ. 2024 ഏപ്രില്‍ വരെയുള്ള കണക്കാണ് ഇത്. ബാങ്കുകളുടെ കണ്‍സോർഷ്യത്തിന് ഇനി അടയ്ക്കാനുള്ളത് 2,863.33 കോടിയും എസ്ബിഐ യില്‍ നിന്നുള്ള ഓവർഡ്രാഫ്റ്റ് 44 കോടിയും സർക്കാർ വായ്പയായ 12372.59 കോടിയുമാണ്.ബാങ്ക് കണ്‍സോർഷ്യത്തിന്‍റെ കടം 3,500 കോടിയായിരുന്നത് ഇപ്പോള്‍ 2863.33 കോടിയായി കുറഞ്ഞു. മാസം 30 കോടി വീതം അടച്ചാണ് ഈ കടം കുറച്ചു കൊണ്ടുവരുന്നത്. അതിനാല്‍ ഡിഗ്രേഡായിരുന്ന കെഎസ്‌ആർടിസി യെ സിഗ്രേഡിലേക്ക് ഉയർത്തിയിട്ടുണ്ട്.ബജറ്റ് വിഹിതവും പ്ലാൻ ഫണ്ടും ഉള്‍പ്പെടെ സർക്കാരില്‍ നിന്നും ലഭിച്ചിട്ടുള്ള സഹായമാണ് 12,372. 59 കോടി. കെഎസ്‌ആർടിസി ഇത് കട ബാധ്യതകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ തുക തിരിച്ചടയ്ക്കേണ്ടാത്തതാണ്.കെഎസ്‌ആർടിസിയുടെ പ്രതിദിന ടിക്കറ്റ് വരവ് ശരാശരി 7.5 കോടിയാണ്. ടിക്കറ്റിതര വരവ് 85 ലക്ഷവും. ബാങ്ക് കണ്‍സോർഷ്യത്തിന് കൃത്യമായി മാസംതോറും 39 കോടി വീതംഅടയ്ക്കേണ്ടി വരുന്നതിനാലാണ് സാമ്പത്തിക ഞെരുക്കം രൂക്ഷമാകുന്നത്. പ്രതിമാസം 20 കോടി കൂടി നേടിയാല്‍ ലാഭ -നഷ്ടങ്ങളില്ലാതെ മുന്നോട്ടു പോകാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.സർക്കാരില്‍ നിന്നും സാമ്പത്തിക സഹായം കിട്ടുമ്പോഴും സർക്കാർ കൊടുക്കേണ്ട തുകയെക്കുറിച്ച് മൗനമാണ്. സർക്കാർ അനുവദിച്ചിട്ടുള്ള വിവിധ സൗജന്യ പാസുകള്‍ക്കുള്ള തുക ഇതുവരെയും കെഎസ്‌ആർടിസിയ്ക്ക് ലഭിച്ചിട്ടില്ല.