സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ 150 കോടി രൂപ കൈക്കൂലി; വിഡി സതീശനെതിരായ ഹർജി തള്ളി കോടതി
സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി. നിലമ്പൂർ എംഎൽഎ പി.വി. അൻവറാണ് നിയമസഭയിൽ ഈ ആരോപണം ആദ്യം ഉന്നയിച്ചത്. ആരോപണത്തിന് തെളിവ് നൽകാൻ കഴിയാത്ത സാഹചര്യത്തിൽ എൽഡിഎഫ് പ്രവർത്തകന്റെ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതിയാണ് തള്ളിയത്.
ഹർജിയിൽ ഈ മാസം ആദ്യം വാദം പൂർത്തിയായിരുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന്റെ മറുപടി ലഭിക്കുന്നതിനാണ് വിധി പറയുന്നത് മാറ്റിവച്ചത്. സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ വി.ഡി. സതീശൻ അന്തർ സംസ്ഥാന ലോബികളിൽ നിന്നും കൈക്കൂലി വാങ്ങിയതായി നിലമ്പൂർ എംഎൽഎ പി.വി. അൻവറാണ് നിയമസഭയിൽ ആരോപണം ആദ്യം ഉന്നയിച്ചത്. ആരോപണവുമായി ബന്ധപ്പെട്ടു കൂടുതൽ തെളിവുണ്ടോയെന്നു പരാതിക്കാരനായ എ.എച്ച്.ഹഫീസിനോടു കോടതി ചോദിച്ചു. മതിയായ തെളിവുകളില്ലാത്തതിനാൽ പരാതിക്കാരന്റെ ഹർജി കോടതി തള്ളുകയായിരുന്നു.