150 കോടിയുടെ കോഴ ആരോപണം: വി ഡി സതീശനോട് മാപ്പ് ചോദിക്കുന്നുവെന്ന് പി വി അന്‍വര്‍, എല്ലാം ചെയ്തത് പി ശശിയുടെ നിര്‍ദേശം പ്രകാരം
തിരുവനന്തപുരം: നിയമസഭയില്‍ 150 കോടിയുടെ കോഴ ആരോപണം ഉന്നയിച്ച വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് മാപ്പ് ചോദിക്കുന്നുവെന്ന് പി.വി. അന്‍വര്‍. എം.എല്‍.എ സ്ഥാനം രാജിവെച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുടെ നിര്‍ദേശം പ്രകാരം ചെയ്തതാണെന്നും അന്‍വര്‍ പറഞ്ഞു.
വലിയ പാപഭാരം പേറിയാണ് ഞാന്‍ നില്‍ക്കുന്നത്. അതില്‍ പ്രധാനം പ്രതിപക്ഷ നേതാവിനെതിരെ ഉന്നയിച്ച വലിയ അഴിമതി ആരോപണമാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കെതിരെ സഭക്ക് അകത്തും പുറത്തും വല്ലാത്ത രീതിയില്‍ ആരോപണം ഉന്നയിക്കുന്ന സാഹചര്യമായിരുന്നു അത്. മാത്യു കുഴല്‍ നാടന്‍ എം.എല്‍.എയൊക്കെ മുഖ്യമന്ത്രിയുടെ കുടുംബത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് പതിവാക്കിയിരിക്കുകയായിരുന്നു.
ആഘട്ടത്തില്‍ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയാണ് പ്രതിപക്ഷ നേതാവിനെതിരെയുള്ള ആരോപണം അറിയിക്കുന്നത്. അക്കാര്യം എനിക്ക് ടൈപ്പ് ചെയ്തു നല്‍കുകയായിരുന്നു. തുടര്‍ന്നാണ്, പ്രതിപക്ഷ നേതാവിനെതിരെ 150 കോടി രൂപയുടെ അഴിമതി ആരോപണം ഉന്നയിച്ചത്.
പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട എം.എല്‍.എമാര്‍ ഉന്നയിച്ചാല്‍ പോരെ എന്ന് പി. ശശിയോട് ചോദിച്ചപ്പോള്‍ പോര എം.എല്‍.എ തന്നെ ഉന്നയിക്കണമെന്ന് പറഞ്ഞത്. എനിക്ക് മുഖ്യമന്ത്രിയെയും കുടുംബത്തെയും വളഞ്ഞിട്ട് അക്രമിക്കുന്നതില്‍ വലിയ അമര്‍ഷമുണ്ടായിരുന്നു. അതുകൊണ്ടാണ് എന്നെ പാര്‍ട്ടി ഏല്‍പിച്ച കാര്യം ഞാന്‍ ഏറ്റെടുത്തത്.
ശശിയേട്ടാ ഇത്, ശരിയല്ലെയെന്ന് ഞാന്‍ ചോദിച്ചിരുന്നു. പൂര്‍ണമായും ശരിയാണെന്നാണ് ശശി പറഞ്ഞത്. അങ്ങനെ എന്നെ കൊണ്ട് ചെയ്യിക്കുന്നതിലൂടെ ഇവിടുത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനു മുന്‍പില്‍ വലിയ ശത്രുവാക്കാനുള്ള ഗൂഡാലോചനയുണ്ടായോ എന്ന സംശയിക്കുകയാണിപ്പോള്‍.
ഈ സാഹചര്യത്തില്‍ കേരളത്തിലെ മുഴുവന്‍ ജനതയോടും പ്രതിപക്ഷ വി.ഡി. സതീശനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും സ്‌നേഹിക്കുന്നവരോടും ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി എന്നെ തള്ളിപ്പറയുന്നവരെ ഞാന്‍ കരുതിയത് പി. ശശിയുടെയും എം.ആര്‍. അജിത് കുമാറിന്റെയും കോഴക്കസില്‍ കുരുങ്ങി കിടക്കുകയായിരുന്നുവെന്നാണ്.എന്നാല്‍, പി. ശശിക്കെതിരെ ഞാന്‍ ഉന്നയിച്ച ആരോപണം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്നീടാണ് ഞാന്‍, മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചത്. അതോടെ, എനിക്ക് അതുവരെ പിന്തുണ നല്‍കിയ സി.പി.എം നേതാക്കള്‍ ഫോണ്‍ എടുക്കാതെയായി. രണ്ട് ദിവസം വിളിച്ചു. പിന്നെ, ആ ശ്രമം ഞാന്‍ ഉപേക്ഷിച്ചു. അവരുടെ പേരുകളിപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.