For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

രണ്ടിടത്ത് മെന്റൽ ഹെൽത്ത് നഴ്‌സിംഗ് കോഴ്‌സ് ആരംഭിക്കാൻ അനുമതി

02:52 PM Jul 26, 2023 IST | ലേഖകന്‍
രണ്ടിടത്ത് മെന്റൽ ഹെൽത്ത് നഴ്‌സിംഗ് കോഴ്‌സ് ആരംഭിക്കാൻ അനുമതി
Advertisement

തിരുവനന്തപുരം: 2023-24 അധ്യയന വർഷം മുതൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, ആലപ്പുഴ സർക്കാർ നഴ്‌സിംഗ് കോളേജുകളിൽ പുതിയ പിജി കോഴ്‌സുകൾ ആരംഭിക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. എം.എസ്.സി. മെന്റൽ ഹെൽത്ത് നഴ്‌സിംഗ് കോഴ്‌സ് ആരംഭിക്കാനാണ് അനുമതി നൽകിയത്. ഓരോ നഴ്‌സിംഗ് കോളേജിനും 8 വീതം സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. മാനസികാരോഗ്യ ചികിത്സാരംഗത്ത് ഏറെ അനിവാര്യമായതും രാജ്യത്തിന് അകത്തും പുറത്തും ഏറെ ജോലി സാധ്യതയുള്ളതുമാണ് എം.എസ്.സി. മെന്റൽ ഹെൽത്ത് നഴ്‌സിംഗ് കോഴ്‌സ്. ഇതിന്റെ പ്രാധാന്യം ഉൾക്കൊണ്ടാണ് രണ്ട് നഴ്‌സിംഗ് കോളേജുകളിൽ ഈ കോഴ്‌സ് ആരംഭിക്കുന്നത്.

Advertisement

സംസ്ഥാനത്തെ 9 സർക്കാർ നഴ്‌സിങ് കോളേജുകളിൽ കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലകളിലെ മൂന്ന് കോളേജുകളിൽ മാത്രമാണ് എം.എസ്.സി മെന്റൽ ഹെൽത്ത് നഴ്‌സിംഗ് കോഴ്‌സ് നടത്തപ്പെടുന്നത്. ഈ മൂന്ന് കോളേജുകളിലുമായി മൊത്തം 15 വിദ്യാർത്ഥികളുടെ വാർഷിക പ്രവേശന ശേഷി മാത്രമാണുള്ളത്. മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് അനുയോജ്യമായ മാനസികാരോഗ്യ പരിപാലന സേവനങ്ങൾ നൽകുന്നതിന് കൂടുതൽ മാനസികാരോഗ്യ സംരക്ഷണ വിദഗ്ധരെ സൃഷ്ടിക്കേണ്ടതുണ്ട്. അതിനാൽ ഈ മേഖലയിൽ പുതിയ കോഴ്‌സുകൾ തുടങ്ങേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം, ആലപ്പുഴ നഴ്‌സിംഗ് കോളേജുകളിൽ കൂടി ഈ കോഴ്‌സ് ആരംഭിക്കുന്നത്.

Author Image

ലേഖകന്‍

View all posts

Advertisement

.