സ്വാമി വിവേകാനന്ദന്റെ 162-ാം ജന്മദിനം; ഇന്ന് ദേശീയ യുവജന ദിനം
ഇന്ന് സ്വാമി വിവേകാനന്ദ ജയന്തി. ദേശീയ യുവജന ദിനം. മാനവികതയുടെ മഹത്തായ സന്ദേശം ലോകത്തിന് നൽകുകയും സമ്പുഷ്ടമായ ആശയങ്ങൾ കൊണ്ട് യുവ ശക്തിയെ തൊട്ടുണർത്തുകയും ചെയ്ത ലോകാരാധ്യനായ
സ്വാമി വിവേകാനന്ദൻ്റെ 162-ാം ജന്മദിനമായ ഇന്ന് ദേശീയ യുവജനദിനമായി ആചരിക്കുന്നു.
ഭാരതീയ യുവത്വത്തിന് ചിന്താശേഷിയും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജവും പകര്‍ന്ന പ്രതിഭാശാലിയെ രാജ്യമിന്ന് ആദരവോടെ സ്മരിക്കുന്നു. 1984ൽ ആണ് സ്വാമി വിവേകാനന്ദന്റെ ജന്മ ദിനമായ ജനുവരി 12, ദേശീയ യുവജനദിനമായ് ആചരിക്കാൻ തീരുമാനിച്ചത്. 1985 മുതൽ ഭാരതം ദേശീയ യുവജനദിനം ആഘോഷിയ്ക്കുന്നു.
പ്രമേയം
ഇന്ത്യയെ ഒരു ശക്തമായ രാജ്യമാക്കി മാറ്റുക എന്ന പ്രമേയമാണ് ഈ വര്‍ഷത്തെ ദേശീയ യുവജനദിനം മുന്നോട്ടുവെയ്ക്കുന്നത്. ആഗോളതലത്തില്‍ ഉത്പാദനകേന്ദ്രമായി ഇന്ത്യയെ മാറ്റി സുസ്ഥിരമായ ഭാവിയിലേക്ക് രാജ്യത്തേക്ക് നയിക്കാന്‍ ഈ പ്രമേയത്തിലൂടെ ആഹ്വാനം ചെയ്യുന്നു. ഭാവിതലമുറയ്ക്കായി മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളൊരുക്കണമെന്നും ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ചരിത്രം
1984ലാണ് സര്‍ക്കാര്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് ജനുവരി 12 ദേശീയ യുവജനദിനമായി ആചരിക്കണമെന്ന് തീരുമാനിച്ചത്. യുവാക്കളുടെ ശക്തിയില്‍ വിശ്വസിച്ച ഇന്ത്യയുടെ തത്വചിന്തകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്. 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ആശയങ്ങളും തത്വചിന്തയും യുവാക്കള്‍ക്ക് എന്നും പ്രചോദനം നല്‍കുന്നു.ദേശീയ യുവജനദിനത്തിന്റെ പ്രാധാന്യം
രാജ്യത്തെ മാറ്റിയെടുക്കാന്‍ യുവാക്കള്‍ക്ക് സാധിക്കുമെന്ന് വിശ്വസിച്ചയാളാണ് സ്വാമി വിവേകാനന്ദന്‍. അച്ചടക്കം, ഉത്തരവാദിത്തബോധം, ആത്മീയവളര്‍ച്ച എന്നീ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ യുവാക്കളെ പ്രചോദിപ്പിക്കുന്ന ദിനം കൂടിയാണിത്. രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ യുവജനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് വിശ്വസിച്ചയാളായിരുന്നു സ്വാമി വിവേകാനന്ദന്‍.