കാർഷികമേഖലയ്ക്ക് 1665 കോടിയുടെ ലോകബാങ്ക് സഹായം. തുണയാകുമോ ‘കേരപദ്ധതി’
പ്രതിസന്ധിയിൽ നിന്നും പ്രതിസന്ധികളിലേക്കു കൂപ്പുകുത്തുന്ന കേരളത്തിലെ കാർഷികമേഖലയ്ക്ക് 1665 കോടിയുടെ ലോകബാങ്ക് സഹായം ലഭിക്കും.ഇതുപയോഗിച്ച്
‘ കേര ’ എന്ന പേരിലുള്ള പദ്ധതിയ്ക്ക് മെയ് മാസത്തിൽ തുടക്കമാകും. കാലാവസ്ഥയോട് ചേർന്നു പോകുന്ന കൃഷി, മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണനം എന്നിവയ്ക്കായിരിക്കും പദ്ധതിയിൽ ഊന്നൽ നൽകുക. ചെറുകിട കർഷകർക്കു കൂടി ഗുണമെത്തുന്ന വിധം പച്ചക്കറികളടക്കം 22 വിളകളുടെ പുനരുജ്ജീവനം പദ്ധതി ലക്ഷ്യം വെയ്ക്കുന്നു. ഒപ്പം റബ്ബർ, കാപ്പി, ഏലം, തെങ്ങ് തുടങ്ങിയവയുടെ പുനർ കൃഷിയ്ക്കും പ്രാധാന്യം നൽകും.
കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിയ്ക്കുന്ന കൃഷിരീതികൾ പ്രോൽസാഹിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക, കാർബൺ ബഹിർഗമനം കുറയ്ക്കുക എന്നിവയാണ് പദ്ധതിയുടെ പൊതുവായ ലക്ഷ്യം. 2365 കോടിയാണ് മൊത്തം ചെലവ്. ഇതിൽ 1655.65 കോടിയാണ് ലോകബാങ്ക് വിഹിതം.709.65 കോടി സംസ്ഥാന വിഹിതമാണ്. ഈ വിഹിതം പദ്ധതി പൂർത്തിയാകുന്ന 2028-29 വർഷം വരെയുള്ള പദ്ധതി വിഹിതത്തിൽ നിന്ന് നീക്കി വെയ്ക്കുമെന്നാണ് സർക്കാർ പറയുന്നത്. കൃഷി വകുപ്പിൻ്റെ കീഴിലുള്ള കാബ്കോ കമ്പനി, കിൻഫ്ര, കാർഷിക യൂണിവേഴ്സിറ്റി, സ്റ്റാർട്ടപ്പ് മിഷൻ, ജലസേചന വ്യവസായ വകുപ്പുകൾ എന്നിവർ പദ്ധതിയിൽ പങ്കാളികളാകും. അഞ്ചു വർഷമാണ് പദ്ധതിയുടെ കാലാവധി.