18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍
ഡല്‍ഹി: 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു. ജൂലൈ മൂന്നിന് സഭാസമ്മേളനം അവസാനിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞയാണ് സമ്മേളനത്തിന്റെ മുഖ്യ അജണ്ട.
ആദ്യത്തെ മൂന്ന് ദിവസങ്ങളിലായി എം.പിമാരുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തെരഞ്ഞെടുപ്പും സഭയില്‍ നടക്കും. ജൂണ്‍ 27ന് സംയുക്ത സഭാസമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു അഭിസംബോധന ചെയ്ത് സംസാരിക്കും. സര്‍ക്കാറിന്റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതികളെ കുറിച്ച് രാഷ്ട്രപതി പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
രാജ്യസഭയുടെ 264-ാമത് സമ്മേളനം ജൂണ്‍ 27ന് തുടങ്ങി ജൂലൈ മൂന്നിന് അവസാനിക്കും. രാഷ്ട്രപതിയുടെ അഭിസംബോധനക്ക് പിന്നാലെ ജൂണ്‍ 27ന് പ്രധാനമന്ത്രി പുതിയ മന്ത്രിമാരെ സഭയില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ബി.ജെ.പി ടിക്കറ്റില്‍ ഏഴാമതും തെരഞ്ഞെടുക്കപ്പെട്ട രാധ മോഹന്‍ സിങ് പ്രോടൈം സ്പീക്കറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 17-ാം ലോക്‌സഭയുടെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി 10 വരെയാണ് നടന്നത്.