2024 സെപ്തംബര്‍ 30ന് മുമ്പ് ജമ്മുകാശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഇലക്ഷന്‍ കമ്മീഷന് നിര്‍ദേശവുമായി സുപ്രീം കോടതി
ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. 2024 സെപ്തംബര്‍ 30നുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചത്. ആര്‍ട്ടിക്കിള്‍ 370-ാം അനുച്ഛേദം യുദ്ധ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയതാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്കില്ലാത്ത അധികാരം ജമ്മുകാശ്മീരിനായില്ലെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു. കാശ്മീരില്‍ നിയമസഭ പിരിച്ചുവിട്ടതില്‍ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
'കാശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകം. ഇന്ത്യയില്‍ ചേര്‍ന്നപ്പോള്‍ പരമാധികാരം ഉണ്ടായിരുന്നില്ല. കാശ്മീരിന് മാത്രമായി സവിശേഷ അധികാരമില്ല. ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴില്‍ വരുന്നതാണ് കാശ്മീര്‍. 370-ാം അനുച്ഛേദം യുദ്ധ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയതാണ്. നിയമസഭ പിരിച്ചുവിടുന്നതില്‍ ഇടപെടുന്നില്ല' സുപ്രീം കോടതി വിധിയില്‍ പറയുന്നു. 2018 ഡിസംബറില്‍ ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണത്തിന്റെ സാധുത ഹര്‍ജിക്കാര്‍ പ്രത്യേകമായി ചോദ്യം ചെയ്യാത്തത് കൊണ്ട് സുപ്രീം കോടതി അക്കാര്യത്തില്‍ ഇടപെട്ടില്ല.
കേന്ദ്ര നടപടിക്കെതിരെ 23 ഹര്‍ജികളാണ് കോടതിയിലുള്ളത്. പ്രത്യേക പദവി നല്‍കിയ ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കി ജമ്മുകാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത കേന്ദ്ര നടപടിക്കെതിരെയാണ് ഹര്‍ജി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ബെഞ്ചിലെ അംഗവും, കാശ്മീരി പണ്ഡിറ്റുമായ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ഈ മാസം 25ന് വിരമിക്കാനിരിക്കെയാണ് വിധിയെന്നത് ശ്രദ്ധേയമാണ്.