ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ദ്ധനവ്
കൊച്ചി: 2024 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ നാലാംപാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം ബിസിനസ് 461937 കോടി രൂപയായി ഉയര്‍ന്നു. അറ്റ പലിശ വരുമാനം 14.97 ശതമാനം എന്ന ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വളര്‍ച്ചയോടെ 2195.11 കോടി രൂപയിലെത്തി.
''ഏറ്റവും ആദരിക്കപ്പെടുന്ന ബാങ്കായി മാറുക എന്ന ലക്ഷ്യത്തിലേക്കുള്ള ഞങ്ങളുടെ യാത്രയില്‍ പുതിയ ബെഞ്ച്മാര്‍ക്കുകള്‍ സെറ്റ് ചെയ്യാന്‍ സാധിച്ച മികച്ചൊരു സാമ്പത്തികവര്‍ഷമാണ് കടന്നുപോയത്,'' ബാങ്കിന്റെ എംഡിയും സി ഇ ഓയുമായ ശ്യാം ശ്രീനിവാസന്‍ പറഞ്ഞു. ശാഖകളുടെ എണ്ണത്തിലുണ്ടായ 10 ശതമാനം വര്‍ദ്ധനവ് രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ബാങ്കിന്റെ സാന്നിധ്യം ഉറപ്പാക്കി. ശാഖകള്‍ തുറക്കുന്നതിനൊപ്പം തന്നെ സാങ്കേതിക, ഡിജിറ്റല്‍ മേഖലകളില്‍ നടത്തുന്ന നിക്ഷേപം 15000 ത്തിലധികം പിന്‍കോഡുകളിലെ ഇടപാടുകാരിലേക്ക് എത്താന്‍ ബാങ്കിനെ സഹായിക്കുന്നു. വളരെ ആത്മവിശ്വാസത്തോടെയാണ് നടപ്പു സാമ്പത്തിക വര്‍ഷത്തെ ബാങ്ക് കാണുന്നത്. മികച്ച ബാങ്കിങ്ങ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് ഇടപാടുകാരുടെ 'ഫസ്റ്റ് ചോയ്‌സ്' ബാങ്കായി ബ്രാന്‍ഡ് ഫെഡറലിനെ മാറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ശ്യാം ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
അറ്റാദായത്തിലും ബാങ്കിന് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. 906.30 കോടി രൂപയാണ് അറ്റാദായം. ബാങ്കിന്റെ മൊത്തം ബിസിനസ് 19.11 ശതമാനം വര്‍ധിച്ച് 461937.36 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 213386.04 കോടി രൂപയായിരുന്ന നിക്ഷേപം 18.35 ശതമാനം വര്‍ദ്ധനവോടെ 252534.02 കോടി രൂപയായി. വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 174446.89 കോടി രൂപയില്‍ നിന്ന് 209403.34 കോടി രൂപയായി വര്‍ധിച്ചു. 20.04 ശതമാനമാണ് വളര്‍ച്ചാനിരക്ക്. റീട്ടെയല്‍ വായ്പകള്‍ 20.07 ശതമാനം വര്‍ധിച്ച് 67435.34 കോടി രൂപയായി. വാണിജ്യ ബാങ്കിങ് വായ്പകള്‍ 26.63 ശതമാനം വര്‍ധിച്ച് 21486.65 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 11.97 ശതമാനം വര്‍ധിച്ച് 73596.09 കോടി രൂപയിലും ബിസിനസ് ബാങ്കിങ് വായ്പകള്‍ 21.13 ശതമാനം വര്‍ദ്ധിച്ച് 17072.58 കോടി രൂപയിലുമെത്തി. സ്വര്‍ണവായ്പകള്‍ 27.14 ശതമാനം വളര്‍ച്ചയോടെ 25000 കോടി രൂപയെന്ന നാഴികക്കല്ലു കടന്നു.
അറ്റപലിശ വരുമാനം 14.97 ശതമാനം വര്‍ധനയോടെ 2195.11 കോടി രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന അറ്റപലിശ വരുമാനമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1909.29 കോടി രൂപയായിരുന്നു. 4528.87 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 2.13 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1255.33 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.60 ശതമാനമാണിത്. 71.08 ആണ് നീക്കിയിരുപ്പ് അനുപാതം. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 29089.41 കോടി രൂപയായി വര്‍ധിച്ചു. 16.13 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. ബാങ്കിന് നിലവില്‍ 1500ലധികം ശാഖകളും 2013 എടിഎമ്മുകളുമുണ്ട്.