രാജ്ഭവന്റെ സുരക്ഷയ്ക്ക് 30 ജവാൻമാർ എത്തി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായ രാജ്ഭവനും കേന്ദ്ര സർക്കാർ ഇസഡ് പ്ലസ് സുരക്ഷ അനുവദിച്ചതിന് പിന്നാലെ 30 ജവാൻമാർ ചുമതലയേറ്റു. പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും ദിവസക്കൂലിക്കാരാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നതെന്നും കരിങ്കൊടി കാണിച്ചും കാറിൽ ഇടിച്ചും തിരിച്ചുചെന്നാൽ കൂലി കിട്ടുമെന്നുള്ള ഗവർണറുടെ പരാതിക്ക് പിന്നാലെയാണ് സുരക്ഷ വർധിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നാലെ 30 സിആര്‍പിഎഫ് ജവാന്മാരാണ് രാജ്ഭവനിലേക്ക് എത്തിയത്.
കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു ഇത്തരം സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവര്‍ണര്‍ക്കും രാജ്ഭവനും പുതുതായി ഏര്‍പ്പെടുത്തിയത്. എസ്‌പിജി സുരക്ഷക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന സുരക്ഷാ പരിരക്ഷയാണ് ഇസഡ് പ്ലസ്. ഈ സുരക്ഷാ സംവിധാനത്തിൽ സിആര്‍പിഎഫ് കമാൻഡോകൾക്കൊപ്പം 55 സുരക്ഷ ഉദ്യോഗസ്ഥരും ഉൾപ്പെടും. മുഴുവൻ സമയവും ഈ സംഘം സുരക്ഷയൊരുക്കും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ ദേശീയ സുരക്ഷാ ഗാർഡ് കമാൻഡോകളുടെ അധിക പരിരക്ഷയും നൽകും. സുരക്ഷാ സംവിധാനത്തിൽ ഒരു ബുള്ളറ്റ് പ്രൂഫ് വാഹനവും മൂന്ന് ഷിഫ്റ്റുകളിലായി എസ്കോർട്ടും ഉൾപ്പെടും.