ചെന്നൈ-ബാംഗ്ലൂർ യാത്രയ്ക്ക് 30 മിനിറ്റ്; വേഗം കൊണ്ട് അത്ഭുതം സൃഷ്ടിക്കൻ ഹൈപ്പർ ലൂപ്പ്
ചെന്നൈ: വേഗം കൊണ്ട് അത്ഭുതം സൃഷ്ടിക്കുന്ന ഹൈപ്പർ ലൂപ്പ് എന്ന ക്യാപ്‌സ്യൂൾ ട്രെയിൻ സർവീസിന്റെ പരീക്ഷണ ട്രാക്ക് പൂർത്തിയായി.കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്‌ണവ് ആണ് വിവരം സൂചിപ്പിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഐഐടി മദ്രാസ് ക്യമ്പസ് ഡിസ്‌കവറി ക്യാമ്പസിലാണ് പരീക്ഷണ ട്രാക്ക് പൂർത്തിയായിരിക്കുന്നത്. 410 മൈല്‍ നീളമുള്ള പരീക്ഷണ ട്രാക്കിന്റെ ദൃശ്യങ്ങളാണ് കേന്ദ്രമന്ത്രി അറിയിച്ചത്. ഐഐടി മദ്രാസ് ആവിഷ്‌കാർ ഹൈപ്പർലൂപ്പ് ടീം, ഇന്ത്യൻ റെയില്‍വെ ഒപ്പം സ്റ്റാർട്ടപ്പ് കമ്പനിയായ ട്യൂടർ ഹൈപ്പർ ലൂപ്പ് എന്നിവർ ചേർന്നാണ് ഇത് തയ്യാറാക്കിയത്. ഹൈപ്പർലൂപ്പിന് പിന്നില്‍ പ്രവർത്തിച്ചവരെ മന്ത്രി അഭിനന്ദിച്ചു.ചെന്നൈ മുതല്‍ ബംഗളൂരു വരെയുള്ള 350 കിലോമീറ്റർ ദൂരം വെറും അരമണിക്കൂർ മതിയാകും ഹൈപ്പർലൂപ്പിന് മറികടക്കാൻ.
കുറഞ്ഞ വായു മർദ്ദമുള്ള ട്യൂബുകളാൽ സീൽ ചെയ്യപ്പെട്ട ട്യൂബ് അല്ലെങ്കിൽ സിസ്റ്റമാണ് ഹൈപ്പർലൂപ്പ്, അതിലൂടെ ഒരു പോഡ് വഴി വായു പ്രതിരോധം അല്ലെങ്കിൽ ഘർഷണം കൂടാതെ വളരെ ദൂരം സഞ്ചരിക്കാം.വൈദ്യുത കാന്തിക തരംഗങ്ങളുടെ ശക്തിയിൽ പ്രവർത്തിക്കുന്ന കാറിന്റെ വലിപ്പമുള്ള വാഹനമാണ് ഹൈപ്പർലൂപ്പ്. ഹൈപ്പർലൂപ്പിന് മണിക്കൂറിൽ 1200 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. വാഹനത്തിന്റെ വിജയകരമായ ആദ്യ പരീക്ഷണം ഏതാനും മാസങ്ങൾക്കു മുൻപ് അമേരിക്കയിൽ നടന്നു കഴിഞ്ഞു.
മദ്രാസ് ഐഐടി 2017ല്‍ ആണ് 'ആവിഷ്‌കാർ ഹൈപ്പർലൂപ്പ്' ആരംഭിച്ചത്. 70 വിദ്യാർത്ഥികള്‍ അടങ്ങുന്ന സംഘമായിരുന്നു ഇതിലുള്ളത്. ഹൈപ്പർലൂപ്പ് വഴിയുള്ള ഗതാഗത സൗകര്യം വർദ്ധിപ്പിക്കാനുള്ള ആശയങ്ങള്‍ പ്രയോഗിക്കാനുള്ള ഇടമായിരുന്നു ഇതില്‍. കേന്ദ്ര സർക്കാരിനൊപ്പം സ്‌റ്റീല്‍ ഭീമനായ ആർസെലർ മിത്തലും ഈ പദ്ധതിയില്‍ പങ്കാളിയായി. പദ്ധതിയ്‌ക്ക് ആവശ്യമായ പ്രധാന വസ്‌തുക്കള്‍ മിത്തലാണ് നല്‍കിയത്. എലോണ്‍ മസ്‌കും അദ്ദേഹത്തിന്റെ സ്ഥാപനം സ്‌പേസ് എക്‌സുമാണ് ഹൈപ്പർലൂപ്പ് സാങ്കേതികവിദ്യ ഏറെ പ്രോത്സാഹിപ്പിച്ചത്. ഐഐടി മദ്രാസിലെ ആവിഷ്‌കാർ ഹൈപ്പർലൂപ്പിന് 2019ല്‍ സ്‌പേസ് എക്‌സ് നടത്തിയ ഹൈപ്പർലൂപ്പ് പോഡ് മത്സരത്തില്‍ ആഗോള റാങ്കിംഗില്‍ മികച്ച പത്തെണ്ണത്തില്‍ ഒന്നാകാനായി. ഏഷ്യയില്‍ നിന്നുള്ള ഏക ടീമാണ് ആവിഷ്‌കാർ ഹൈപ്പർലൂപ്പ്. 2023ല്‍ യൂറോപ്യൻ ഹൈപ്പർലൂപ്പ് വീക്കില്‍ ആഗോളതലത്തിലെ മികച്ച മൂന്ന് ഹൈപ്പർലൂപ്പുകളില്‍ ഒന്നുമായി.