Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സപ്ലൈകോയ്ക്ക് 3000 കോടി ബാധ്യത;
ബജറ്റിൽ അനുവദിച്ചത് 205 കോടിയെന്ന് വി.ഡി സതീശൻ

05:06 PM Feb 13, 2024 IST | Veekshanam
Advertisement

തിരുവനന്തപുരം: 3000 കോടി ബാധ്യതയുള്ള സപ്ലൈകോയ്ക്ക് വിപണി ഇടപെടലിന് സർക്കാർ ബജറ്റില്‍ നല്‍കിയത് 205 കോടി മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കുത്തക കമ്പനികള്‍ക്ക് വഴിയൊരുക്കാന്‍ സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് ദയാവധമൊരുക്കുകയാണെന്നും നിയമസഭയിൽ വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയത്തില്‍ സന്തോഷിക്കുന്നത് ഭക്ഷ്യമന്ത്രിയും സി.പി.ഐയുമാണെന്നും അദ്ദേഹം പറഞ്ഞു.
3000 കോടി ബാധ്യതയുള്ള സപ്ലൈകോയ്ക്ക് വിപണി ഇടപെടല്‍ നടത്താന്‍ ബജറ്റില്‍ നീക്കി വച്ചിരിക്കുന്നത് വെറും 205 കോടി മാത്രമാണ്. 2021-22 ല്‍ ബജറ്റില്‍ 150 നീക്കി വച്ചിട്ട് നല്‍കിയത് 75 കോടി. 2021-22 ല്‍ ഒരു രൂപ പോലും നല്‍കിയില്ല. ഇത്രയും വലിയ ബാധ്യത ഏതെങ്കിലും ഒരു സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 792 കോടി രൂപ കുടിശികയുള്ളതിനാല്‍ വിതരണക്കാര്‍ ടെന്‍ഡറില്‍ പങ്കെടുക്കുന്നില്ല. മന്ത്രിയുടെയും വകുപ്പിന്റെയും കൈകള്‍ കെട്ടപ്പെട്ടിരിക്കുകയാണ്. സപ്ലൈകോയ്ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യം മനസിലാക്കാതെയാണ് ഒരു കുഴപ്പവുമില്ലെന്ന് മന്ത്രി പറയുന്നത്. കിറ്റ് നല്‍കിയതിന്റെ കുടിശിക പോലും സപ്ലൈകോയ്ക്ക് നല്‍കിയിട്ടില്ല. അഞ്ച് വര്‍ഷം യു.ഡി.എഫ് ഭരിച്ചപ്പോള്‍ ഏതെങ്കിലും ഒരു നിത്യോപയോഗ സാധനം മാവേലി സ്‌റ്റോറില്‍ ഇല്ലാത്ത സാഹചര്യമുണ്ടായിട്ടില്ല. ഇപ്പോള്‍ മന്ത്രി പറയുന്നത് സപ്ലൈകോയെ കുറിച്ച് പറഞ്ഞാല്‍ കുത്തക കമ്പനികള്‍ വരുമെന്നാണ്. കുത്തക കമ്പനികള്‍ക്ക് വഴിയൊരുക്കാന്‍ സപ്ലൈകോയ്ക്ക് സര്‍ക്കാര്‍ ദയാവധമൊരുക്കുകയാണ്. നിങ്ങളാണ് കുത്തക കമ്പനികള്‍ക്ക് വഴിയൊരുക്കുന്നത്.  പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് ഭക്ഷ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
വിലക്കയറ്റത്തിലും നികുതി വര്‍ധനവിലും ജനങ്ങള്‍ പ്രയാസത്തിലാണ്. ഇടത്തരം കുടുംബത്തിന്റെ ചെലവില്‍ 10000 രൂപയുടെ വര്‍ധനവുണ്ടായി. ഏറ്റവും കൂടുതല്‍ ജപ്തി നടന്ന വര്‍ഷമാണ് കടന്നു പോയത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമാകേണ്ട സപ്ലൈകോ കെ.എസ്.ആര്‍.ടി.സിയും വൈദ്യുതി ബോര്‍ഡും പോലെ തകര്‍ച്ചയിലേക്ക് പോകുകയാണ്. സപ്ലൈകോയിലെ സാധനങ്ങളുടെ വില വര്‍ധിപ്പിക്കില്ലെന്ന് ഇടതുപക്ഷം തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ്. എന്നിട്ടാണ് വില കൂട്ടാനുള്ള സമിതിയെ നിയോഗിച്ചിരിക്കുന്നത്. സപ്ലൈകോയെ സര്‍ക്കാരാണ് തകര്‍ത്തത്. കരാറുകാര്‍ ടെന്‍ഡറില്‍ പങ്കെടുക്കാത്ത ദയനീയ സ്ഥിതിയിലാണ്. പൊതുവിപണയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചു നിര്‍ത്തേണ്ട സ്ഥാപനത്തെ കെടുകാര്യസ്ഥതയും മിസ്മാനേജ്‌മെന്റും കൊണ്ട് സര്‍ക്കാര്‍ തന്നെ തകര്‍ത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

Tags :
kerala
Advertisement
Next Article