For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഇന്ന് കണ്ടെടുത്തത് 4 മൃതദേഹങ്ങൾ, വയനാട് ദുരന്തത്തില്‍ മരണം 417 ആയി

05:58 PM Aug 09, 2024 IST | Online Desk
ഇന്ന് കണ്ടെടുത്തത് 4 മൃതദേഹങ്ങൾ  വയനാട് ദുരന്തത്തില്‍ മരണം 417 ആയി
Advertisement

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരിലെ 4 പേരുടെ മൃതദേഹങ്ങൾ കൂടി ഇന്നത്തെ തിരച്ചിലിൽ കണ്ടെത്തി. സൂചിപ്പാറ-കാന്തൻപാറ പ്രദേശത്തു നടത്തിയ തിരച്ചിലിലാണ് നാലുപേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്. രക്ഷാസേനയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണു വനമേഖലയിൽനിന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. നാലു പൂർണ ശരീരങ്ങളും മരത്തിൽ കുടുങ്ങിയ നിലയിൽ ഒരു കാലും കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ അറിയിച്ചു. മൃതദേഹങ്ങൾ ജീർണിച്ച നിലയിലാണ്. 11-ാം ദിവസത്തെ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദുർഘടമായ മേഖലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ എയർലിഫ്റ്റ് ചെയ്യും.വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കളെ ഉൾപ്പെടുത്തി ജനകീയ തിരച്ചിലാണ് ഇന്ന്. ജനപ്രതിനിധികൾ, എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്‌സ്, റവന്യൂ സംഘത്തിനൊപ്പം ഇവരും തിരച്ചലിൽ പങ്കാളികളാവും. രാവിലെ തുടങ്ങി വൈകിട്ട് വരെ തിരച്ചിൽ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം 11 മണിയോടെ തിരച്ചിൽ അവസാനിപ്പിക്കാനായിരുന്നു തീരുമാനം. എന്നാൽ നാലു മൃതദേഹങ്ങൾ കൂടി കണ്ടെത്തിയ സാഹചര്യത്തിൽ തിരച്ചിൽ തുടർന്നേക്കും. ആവശ്യമെങ്കിൽ മറ്റൊരു ദിവസം ജനകീയ തിരച്ചിൽ തുടരുമെന്ന് മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും അറിയിച്ചു. കോട നിറഞ്ഞ വനമേഖലയായതിനാൽ ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിനും തടസം നേരിട്ടു.നിലവിൽ ദുരന്തത്തിൽ കാണാതായവരുടെ പട്ടികയിൽ 131 പേരാണുള്ളത്. ഇവരിൽ കൂടുതൽ പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്കൂൾ റോഡ് ഭാഗങ്ങളിൽ നിന്നുള്ളവരാണ്. ദുരിതാശ്വാസ ക്യാംപുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നവരിൽ 190 പേർ തിരച്ചിലിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്തിരുന്നു. ജനപ്രതിനിധികൾ, എൻഡിആർഎഫ്, പോലീസ്, ഫയർഫോഴ്സ്, റവന്യൂ സംഘവും തിരച്ചിലിൽ പങ്കാളികളാണ്.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.