കേരളത്തിലെ 4 കോൺഗ്രസ് എപിമാർക്കു സസ്പെൻഷൻ
ന്യൂഡൽഹി: പാർലമെന്റിലെ സുരക്ഷാ വീഴ്ചയുടെ പേരിൽ ലോക്സഭയിൽ പ്രതിഷേധം ആളി. സ്പീക്കറുടെ മുന്നറിയിപ്പ് തള്ളി നടുത്തളത്തിലിറങ്ങി എന്ന കുറ്റം ചുമത്തി കേരളത്തിൽ നിന്നുള്ള നാല് കോൺഗ്രസ് എംപിമാരെ സ്പീക്കർ ഓം ബിർള സസ്പെൻഡ് ചെയ്തു. എംപിമാരായ ടി.എൻ പ്രതാപൻ, ഹൈബി ഈഡൻ, രമ്യ ഹരിദാസ്, ഡീൻ കുര്യാക്കോസ് എന്നിവർക്കാണ് സസ്പെൻഷൻ. ഈ സമ്മേളന കാലാവധി കഴിയുന്നതുവരെയാണ് ഇവർക്ക് വിലക്ക്.
അതേ സമയം, പാർലമെന്റ് മന്ദിരത്തിനുള്ളിൽ അതിക്രമിച്ചിറങ്ങി ഗ്യാസ് കുറ്റി പൊട്ടിച്ചവർക്ക് പാസ് അനുവദിച്ച ബിജെപി അംഗത്തിനെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു.
രാജ്യസഭയും ഇന്നു സ്തംഭിച്ചു. പല തവണ നിർത്തി വച്ചെങ്കിലും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഭയിൽ നേരിട്ടെത്തി മറുപടി പറയാതെ പ്രതിഷേധം തണുപ്പിക്കില്ലെന്ന് പ്രതിപക്ഷ അംഗങ്ങൾ അറിയിച്ചു. തുടർന്നാണ് ലോക്സഭയുടെയും രാജ്യസഭയുടെയും നടുത്തളത്തിലിറങ്ങി അംഗങ്ങൾ മുദ്രാവാക്യം മുഴക്കിയത്. അമിത് ഷാ നേരിട്ടെത്തി വിശദീകരണം നൽകണമെന്ന ആവശ്യവുമായി രാജ്യ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച തൃണമുൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയാനെ സഭാധ്യക്ഷൻ ജഗ്ദീപ് ധൻകര് സസ്പെൻഡ് ചെയ്തു.