For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

യുഎസിലെ നാലം​ഗ മലയാളി കുടുംബത്തിന്റെ മരണകാരണം വിഷവാതകമല്ല, വെടി

04:13 PM Feb 14, 2024 IST | ലേഖകന്‍
യുഎസിലെ നാലം​ഗ മലയാളി കുടുംബത്തിന്റെ മരണകാരണം വിഷവാതകമല്ല  വെടി
Advertisement

പ്രത്യേക ലേഖകൻ

Advertisement

കൊല്ലം: യുഎസിലെ കാലിഫോർണിയ സാൻ മേറ്റയോ കോണ്ടിയിൽ മലയാളികളായ നാലം​ഗ കുടുംബം ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതിന്റെ ചുരുൾ നിവർത്തി പൊലീസ്. കൊല്ലം സ്വദേശികളും യുഎസിൽ ഐടി പ്രൊഷണലുകളുമായ ആനന്ദ് സുജിത്ത് ഹെൻ‌റി (43), ഭാര്യ ആലിസ് പ്രിയങ്ക (40), ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ (4), നെയ്തൻ (4) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45നു യുഎസിലെ സാൻ മേറ്റയോ കോണ്ടിയിലെ വീടിനുള്ളിലാണ് നാലുപോരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
അതികഠിനമായ തണുപ്പ് അകറ്റാൻ മുറിക്കുള്ളിൽ ഉപയോ​ഗിച്ച എയർ കണ്ടിഷനറിൽ നിന്നോ ഹീറ്ററിൽ നിന്നോ പുറന്തള്ളിയ കാർബൺ മോണോക്സൈഡ് എന്ന വിഷക വാതകം ശ്വസിച്ചാണ് ഇവർ മരിച്ചതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ മുറിക്കുള്ളിൽ നടത്തിയ വിശദമായ പരിശോധനകളിൽ മരണ കാരണം കൊലപാതകമോ ആത്മഹത്യയോ എന്ന സാഹചര്യത്തിലേക്കാണു വിരൽ ചൂണ്ടുന്നത്. രണ്ടുപേർ വെടിയേറ്റും രണ്ടു പേർ വിഷവാതകമോ വിഷാംശമോ ഉള്ളിൽ ചെന്നുമാണു മരിച്ചതെന്ന് പ്രാദേശിക പൊലീസ് കണ്ടെത്തി.
ആനന്ദും ആലിസും വെടിയേറ്റാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങളിൽ വെടിയേറ്റ മുറിവുകളുണ്ട്. മുറിക്കുള്ളിൽ നിന്ന് ഏഴു തിരകളുള്ള നിറതോക്കും ലഭിച്ചു. ഭാര്യ ആലീസിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആനന്ദും സ്വയം നിറയൊഴിക്കുകയായിരുന്നോ എന്നാണ് സംശയം. ഇവരുടെ ഇരട്ടക്കുട്ടികളായ നോഹയും നെയ്തനും മറ്റൊരു മുറിയിലാണു മരിച്ച നിലയിൽ കാണപ്പെട്ടത്. ഇവരുടെ ശരീരത്ത് മുറിവുകളില്ല. ഇവർ വിഷവാതകം ശ്വസിച്ചിരുന്നോ അതോ വിഷാംശമുള്ള എന്തെങ്കിലും ഭക്ഷിച്ചോ എന്ന കാര്യം അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. ഫൊറൻസിക് വിദ​ഗ്ധരും സ്ഥലത്തുണ്ട്.
കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളെജ് മുൻ പ്രിൻസിപ്പാൾ ഡോ. ഹെൻ‌റിയുടെ മൂത്തമകനാണ് ആനന്ദ്. കംപ്യൂട്ടർ എൻജിനീയറായ ഇദ്ദേഹം ഒമ്പതു വർഷം മുമ്പാണ് യുഎസിലെത്തിയത്. ​ഗൂ​ഗിളിലായിരുന്നു ജോലി. ആദ്യം ന്യൂ ജേഴ്സിയിലായിരുന്നു താമസം. ജോലി രാജി വച്ച് സ്വന്തമായി സ്റ്റാർട്ട് അപ് തുടങ്ങി താമസം സാൻ മേറ്റയോ കോണ്ടിയിലേക്കു മാറുകയായിരുന്നു.
കൊല്ലം കിളികൊല്ലൂർ പ്രിയദർശിനി ന​ഗർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസി​ഗറുടെയും ജൂലിയറ്റിന്റെയും മകളാണ് ആൻസി. സാൻ മാറ്റിയോയിൽ ഡേറ്റ അനാലിസ്റ്റ് ആണ് ആലീസ്. ആലീസിന്റെ മാതാവ് ജൂലിയറ്റ് ഇവർക്കൊപ്പം യുഎസിലായിരുന്നു താമസം. കഴിഞ്ഞ ഞായറാഴ്ച ജൂലിയറ്റ് നാട്ടിലേക്കു മടങ്ങി. തിങ്കളാഴ്ച തിരുവനന്തപുരത്ത് വിമാനം ഇറങ്ങിയപ്പോൾ മുതൽ മകളെയും മരുമകനെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവിൽ അവിടെയുള്ള ഒരു സുഹൃത്തിനെ ആനന്ദിന്റെ വീട്ടിലേക്കു പറഞ്ഞുവിട്ട് അന്വേഷിപ്പിച്ചു. വാതിൽ അകത്തു നിന്നു പൂട്ടിയ നിലയിലായതിനാലും അകത്തു നിന്ന് പ്രതികരണം ഒന്നുമില്ലാതിരുന്നതിനാലും തിരക്കിച്ചെന്നയാൾ പൊലീസിൽ വിവരം അറിയിച്ചു. അവരെത്തി ജനൽ ചില്ലകൾ തകർത്ത് അകത്തു കടന്നു നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ദമ്പതികളും കുട്ടികളും തമ്മിൽ വളരെ സ്നേഹത്തോടെയാണു കഴിഞ്ഞതെന്ന് അയൽവാസികൾ പറ‍ഞ്ഞു. ആനന്ദും ആലീസും തികഞ്ഞ സൗഹൃദത്തിലായിരുന്നുവത്രേ.
പിന്നെന്തിനാണ് ഈ കടുംകൈ എന്നാണ് എല്ലാവരും ചോദിക്കുന്നത്. വാതിൽ അകത്തുനിന്ന് പൂട്ടിയ സാഹചര്യത്തിൽ മരണത്തിൽ പുറത്തു നിന്നുള്ളവരുടെ പങ്കാളിത്തം ഉറപ്പില്ല. എങ്കിലും എല്ലാ പഴുതും അടച്ചുള്ള അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയിക്കാൻ അയൽവാസികളോടും സുഹൃത്തുക്കളോടും ആവശ്യപ്പെട്ടു. അതേ സമയം, ആനന്ദും ആലീസും തമ്മിൽ വിവാഹ ബന്ധം വേർപെടുത്താൻ കുറച്ചു നാൾ മുൻപ് ശ്രമിച്ചിരുന്നതായി സംശയിക്കുന്നുണ്ട്. യുഎസിലെ ഇന്ത്യൻ എംബസിയും ഇതേക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ആനന്ദിന്റെ സഹോദരൻ ഇന്നലെ തിരുവനന്തപുരത്തു നിന്ന് യുഎസിലേക്കു പുറപ്പെട്ടു.
കഴിഞ്ഞ ആറുമാസമായി യുഎസിൽ ഇന്ത്യൻ വംശജർക്കു നേരേ വലിയ തോതിൽ ആക്രമണമുണ്ട്. ഏതാനും ദിവസം മുൻപ് പർഡ്യൂ യൂണിവേഴ്സിറ്റി വിദ്യാർഥികളായ സമീർ കമ്മാട്ട്, നീൽ ആചാര്യ എന്നിവർ കൊല്ലപ്പെട്ടിരുന്നു. അതിനു മുൻപ് ഒരു കുടുബത്തിലെ മൂന്നു പേർ വെടിയേറ്റു മരിച്ച സംഭവവുമുണ്ടായി.

Author Image

ലേഖകന്‍

View all posts

Advertisement

.