വി-ഗാര്‍ഡ് അറ്റാദായത്തില്‍ 44.5 ശതമാനം വര്‍ധന
കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് 2023-24 സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ 76.17 കോടി രൂപ സംയോജിത അറ്റാദായം നേടി. മുൻ വർഷം ഇതേ പാദത്തിലെ 52.72 കോടി രൂപയിൽ നിന്ന് 44.5 ശതമാനമാണ് വര്‍ധന. 2024 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം കമ്പനി 257.58 കോടി രൂപയുടെ അറ്റാദായവും നേടി.
മുൻ വർഷത്തെ 189.05 കോടി രൂപയിൽ നിന്നും 36.2 ശതമാനമാണ് വാർഷിക ലാഭവർധന.മാർച്ച് 31 ന് അവസാനിച്ച നാലാം പാദത്തിൽ കമ്പനിയുടെ സംയോജിത വരുമാനം 1342.77 കോടി രൂപയാണ്. മുൻവർഷത്തെ 1139.22 കോടി രൂപയിൽ നിന്നും 17.9 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ വാർഷിക പ്രവര്‍ത്തന വരുമാനവും 17.7 ശതമാനം വർധനയോടെ 4856.67 കോടി രൂപയിലെത്തി. മുൻ വർഷം ഇത് 4127.19 കോടി രൂപയായിരുന്നു.
"നാലാം പാദത്തിൽ സമ്മർ സീസണിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഡിമാൻഡും വർധിച്ചത് ഗുണകരമായി. ഇലക്ട്രോണിക്സ് ഗൃഹോപകരണ വിഭാഗം കരുത്തുറ്റ വളർച്ചയാണ് നേടിയത്. കഴിഞ്ഞ വർഷം നടപ്പിലാക്കിയ വിവിധ വിപണന പദ്ധതികളുടെ ഫലമായി ഈ പാദത്തിൽ സൺഫ്ളെയ്മും മികച്ച വളർച്ച കൈവരിച്ചു. മാർജിൻ വളർച്ച മെച്ചപ്പെട്ടു വരുന്നു. അടുത്തിടെ വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദനം ആരംഭിച്ച ബാറ്ററി, അടുക്കള ഉപകരണ ഫാക്ടറികൾ വരും വർഷത്തിൽ നേട്ടങ്ങൾ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.,” വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു.