ഒറ്റദിനം കൊണ്ട് കേരളത്തിലെ ഹാർബറുകളിൽ എത്തിയത് 468 തരം മീനുകൾ
കൊച്ചി: രാജ്യാന്തര ജൈവവൈവിധ്യ ദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ 26 പ്രധാന ഹാർബറുകളിൽ ഒരു ദിവസം എത്തിയത് 468 ഇനം മീനുകൾ. കേരളത്തിലെ സമുദ്ര ജൈവവൈവിധ്യം അറിയാൻ കാസർകോട് മുതൽ വിഴിഞ്ഞം വരെ 26 ഹാർബറുകളിൽ സിഎംഎഫ്ആർഐ നടത്തിയ ഒരു ദിവസത്തെ ത്വരിത സർവേയിലാണു കണ്ടെത്തൽ. കേരളത്തിന്റെ തീരക്കടലിലെ മത്സ്യ വൈവിധ്യമാണ് ഇതിൽ വ്യക്തമാകുന്നത്.വിവിധയിനം സ്രാവുകൾ ഉൾപ്പെടെ അടിത്തട്ട് മത്സ്യയിനങ്ങളും മറ്റു മീനുകളിൽ ഏറ്റവും കൂടുതൽ അയല, മത്തി, കൊഴുവ, ചെമ്മീൻ, കൂന്തൽ തുടങ്ങിയവയും പിടിച്ചെടുത്തു. മുൻപ് രേഖപ്പെടുത്താത്ത ഏഴിനം പുതിയ മീനുകളെയും സർവേയിൽ കണ്ടെത്തി. ഇതേക്കുറിച്ചു കൂടുതൽ പഠനം ആവശ്യമാണെന്നു ഗവേഷകർ പറയുന്നു.സിഎംഎഫ്ആർഐയിലെ മറൈൻ ബയോഡൈവേഴ്സിറ്റി ആൻഡ് എൻവയൺമെന്റ് മാനേജ്മെന്റ് ഡിവിഷനിലെ വിദഗ്ധർ ഉൾപ്പെട്ട വിവിധ സംഘങ്ങളാണ് ഒരേസമയം രാവിലെ 5 മുതൽ ഉച്ചയ്ക്കു 12 വരെ വിവിധ ഹാർബറുകളിൽ മത്സ്യ-ചെമ്മീൻ-ഞണ്ട്-കക്കവർഗ ഇനങ്ങളുടെ അവലോകനം നടത്തിയത്. വിവിധ ഹാർബറുകളിൽ പിടിച്ച 468 ഇനങ്ങളിൽ 370 ഇനം മീനുകളും (ഫിൻ ഫിഷ്) ബാക്കി പുറന്തോടുള്ള മത്സ്യങ്ങളും (ഷെൽ ഫിഷ്) ആണ്. ഇതുവരെ 1020 ഇനം മത്സ്യങ്ങളാണു കേരളതീരത്തു രേഖപ്പെടുത്തിയിട്ടുള്ളത്.