For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നാലാം ലോക കേരള സഭയും യാഥാർഥ്യങ്ങളും!

നാലാം ലോക കേരള സഭയും യാഥാർഥ്യങ്ങളും
Advertisement
Advertisement

കുവൈറ്റ് സിറ്റി : ലോക കേരള സഭ കൊണ്ട് പ്രവാസി സമൂഹത്തിനുള്ള നേട്ടമെന്ത്? സംരംഭകത്വ സാദ്ധ്യതകൾ ആരാഞ്ഞ് എത്തുന്ന സാമ്പത്തിക ശേഷിയുള്ളവർക്കോ ഇടത്തരം ശേഷിയുള്ളവരോ സാധാരണക്കാരോ ആയപ്രവാസികൾക്കോ 'ലോക കേരള സഭ' മാമാങ്കം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? ഓരോ ലോക കേരള സഭ സമ്മേളനത്തിലും പണപ്പിരിവും അഴിമതിയും ധൂർത്തും സംബന്ധിച്ച് നിരവധിയായിട്ടുള്ള ആക്ഷേപങ്ങൾ ഉയർന്നു വന്നിരുന്നു. കഴിഞ്ഞ മൂന്നു ലോക കേരള സഭകളുടെ നിർദ്ദേശങ്ങളും പ്രഖ്യാപനങ്ങളും എവിടെയെത്തി എന്ന് പരിശോധിക്കാൻ ഐ ഐ ടി വിദഗ്‌ദ്ധന്റെ ആവശ്യമൊന്നുമില്ല. നാലാം ലോക കേരള സഭാ മാമാങ്കത്തിന്റെ ചിലവിലേക്കായി ഇതിനോടകംഅനുവദിച്ചിട്ടുള്ള മൂന്ന് കോടി രൂപയിൽ സഭയുടെ ശുപാർശകൾ നടപ്പിലാക്കാൻ നീക്കിവെച്ചിട്ടുള്ളത് വെറും അമ്പതു ലക്ഷം രൂപയാണെന്ന് മാത്രം അറിഞ്ഞാൽ മതി. രണ്ടു ലക്ഷത്തിലേറെ ചികിത്സ ചെലവ് വന്ന ഒരു രോഗി ആയിരങ്ങൾ ചെലവാക്കി നിരവധി തവണ നോർക്ക റൂട്സിൽ കയറി ഇറങ്ങിയശേഷം അദ്ദേഹഹത്തിനു ആറായിരം രൂപ അനുവദിച്ചു നൽകിയതായി ഈയിടെ വൈറലായ ഒരു വാട്സ് ആപ്പ് സന്ദേശത്തിൽ കാണാനിടയായി. പ്രവാസികളുടെ പേരിൽ ചിലർക്കൊക്കെ വാഴാനുള്ള വെള്ളാനകളായി അവശേഷിക്കുകയാണ് ഫലത്തിൽ നോർക്ക റൂട്സ്, ലോക കേര സഭ സെക്രട്ടേറിയറ്റ് എന്നിവ എന്നതാണ് യാഥാർഥ്യം. പ്രവാസികൾക്ക് നാട്ടിൽ നേരിടേണ്ടിവരുന്ന നിയമ കുരുക്കുകൾക്കുള്ള പരിഹാരവും ഇങ്ങനെയൊക്കെത്തന്നെ . 'നിങ്ങളുടെ പരാതി ബന്ധപ്പെട്ട വകുപ്പിന് കൈമാറിയിട്ടുണ്ട്' എന്ന ഒരു അറിയിപ്പ് കൊണ്ട് നാം തൃപ്തിപ്പെട്ടുകൊള്ളണം.

2019 ആഗസ്റ്റിൽ ദുബായിലെ ഇത്തിസലാത്ത്‌ അക്കാദമിയിൽ നടന്ന ലോക കേരള സഭയിൽ ജോലി നഷ്ട്ടപെട്ടു തിരിച്ചെത്തുന്ന പ്രവാസികൾക്ക് ആറു മാസത്തെ ശമ്പളം സൗജന്യമായി നൽകും എന്നിങ്ങനെ ആകർഷകമായ വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നു. അവയെല്ലാം ജലരേഖയായി അവശേഷിക്കുകയാണിന്നും. എന്തിനേറെ പ്രവാസികളുടെ നിക്ഷേപവും സാങ്കേതിക മികവും പ്രയോജനപ്പെടുത്തി വ്യാവസായ രംഗത്ത് വൻ കുതിച്ചു ചാട്ടമുണ്ടാക്കും എന്ന് പറഞ്ഞിട്ട് പ്രവാസിക്ക് സ്വന്തം നിലയിൽ അറിയാവുന്ന ഒരു കൈത്തൊഴിൽ കേന്ദ്രമോ ചെറുകിട ഉൽപ്പാദന കേന്ദ്രമോ തുടങ്ങുന്നതിനുള്ള സൗകര്യം പോലും ഇന്നും രൂപപ്പെട്ടിട്ടില്ല. പ്രവാസിയുടെ ഉദ്യമം ആണെങ്കിൽ നാട്ടിലുള്ള ഒരാൾ മുതൽ മുടക്കേണ്ടുന്നതിനേക്കാൾ ഇരട്ടി ചിലവോ അതിലേറെ സാങ്കേതിക നൂലാമാലകളോ മറികടക്കേണ്ടതുണ്ട്‌ എന്ന യാഥാർഥ്യം അവശേഷിക്കുന്നു. ഇവയൊന്നും പരിഹരിക്കുന്നതിന് നിലവിലുണ്ടെന്ന് അവകാശപ്പെടുന്ന യാതൊരു ഏകജാലക സംവിധാനങ്ങളും പര്യാപ്തമല്ല. വേണ്ടത്ര പിരിവ് ലഭിക്കാത്തതിനാലോ രാഷ്ട്രീയ - വ്യക്തി താല്പര്യങ്ങളാലോ പ്രവാസി സംരംഭങ്ങൾക്ക് സാധ്യമാവാത്തതിനെ തുടർന്നുള്ള ആത്മഹത്യയോ ദിനേനയുള്ള സമര മുറകളോ നമുക്ക് ഇന്ന് വാർത്തകളല്ലാതായിരിക്കുന്നു. ഇത്തരം വിഷയങ്ങൾ പരിഹരിക്കുന്നതിന് പ്രാദേശികമോ ജില്ലാ- സംസ്ഥാന തലത്തിലോ ഫലപ്രദമായ യാതൊരു സംവിധാനവും നിലവിലില്ല. പ്രവാസി നിക്ഷേപ സംഘങ്ങൾ, പ്രവാസി സഹകരണ സംഘങ്ങൾ, നൈപുണ്യ വികസന കേന്ദ്രങ്ങൾ, പ്രവാസി വനിതാ സെൽ എന്നൊക്കെ പേരിട്ട ആകർഷകമായ പദ്ധതികൾ രാഷ്ട്രീയാധികാരം ആർജ്ജിക്കുന്ന കേവലം ചിലർക്കുള്ള മേച്ചിൽ പുറങ്ങളായ കടലാസു പദ്ധതികളായി ഇന്നും ചുവന്ന നാടകളിൽ ബന്ധിക്കപ്പെട്ടു കിടക്കുന്നു. ഫല പ്രദമായ യാതൊരു പ്രയോജനവും പ്രവാസി സമൂഹത്തിനു ലഭിക്കുന്നില്ല.

ലോകം ഒറ്റ ഗ്രാമമായി പരിണമിച്ച തുടങ്ങിയതോടെ എഴുപതുകളിലെ പ്രവാസിയുടെ പ്രശ്നങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇന്നത്തെ പ്രവാസിയുടെ പ്രശ്നങ്ങൾ. പ്രവാസി ക്ഷേമം, മൂലധന നിക്ഷേപംതുടങ്ങിയ സാമ്പ്രദായിക വിഷയങ്ങൾ വിട്ടു ദശകങ്ങളായി ഗൗരവവാഹമായ പൗരത്വ പ്രശ്നങ്ങൾ നേരിടുന്ന ഒട്ടേറെ പ്രവാസികളുണ്ട്. ജീവിതത്തിന്റെ വിവിധ ദശാ
സന്ധികളിൽ ലോകത്തിന്റെ ഏതെങ്കിലും മൂലയിൽ എത്തിപ്പെട്ട്‌ അവിടത്തെ സാഹചര്യങ്ങളിൽ മതമോ സമുദായമോ പൗരത്വമോ നോക്കാതെ വിവാഹിതരാവുന്ന പ്രവാസിയെ സംബന്ധിച്ച് പങ്കാളിയുടെ പൗരത്വമെന്നത് ഒരിക്കലും പരിഹൃതമാവാതെ നീണ്ടു പോവുന്ന ദുരവസ്ഥയാണ് . വർത്തമാനകാല പ്രവാസിയുടെ ഇത്തരമുള്ള സങ്കീർണ്ണമായ നിരവധിയുള്ള പ്രശ്നങ്ങളുടെ ഒരു സൂചിക മാത്രമാണ് മേൽ വിവരിച്ചത്. കുടിയേറ്റത്തെ തുടർന്നുള്ള ഇത്തരം പ്രവാസി പ്രശ്നങ്ങൾ മനസ്സിലാക്കാനും പരിഹരിക്കുവാനും ലോക കേരള സഭാ മാമാങ്കങ്ങളുടെ ആവശ്യകതയൊന്നുമില്ല. ജനഹിതമറിയുന്ന ഇച്ഛാശക്തിയുള്ള ഒരു ഭരണ നേതൃതം ഉണ്ടായാൽ മാത്രം മതി.

ഇന്ന് പ്രവാസകാര്യ വകുപ്പിനോ നോർക്ക റൂട്സിനു പോലുമോ യാതൊരു അധികാരങ്ങളില്ല. അധികാരങ്ങൾ എല്ലാം രാഷ്ട്രീയ കേന്ദ്രങ്ങളിൽ ബന്ധിക്കപ്പെട്ടിരിക്കയാണ്. രാഷ്ട്രീയവത്കരണം ലോകകേരള സഭയുടെ സാംഗത്യം ഇല്ലാതാക്കിയിട്ടുണ്ട്. പ്രവാസി ക്ഷേമ നിധി ബോർഡ് എന്നൊരു സംവിധാനമുണ്ട്. അഞ്ചോ അതിലേറെയോ വർഷങ്ങൾ മുൻപ് പ്രവാസികളായിരുന്നവരാണ് ഇപ്പോഴും ഈ ബോർഡിൽ തമ്പടിച്ചിരിക്കുന്നത്. ലോക കേരള സഭകളിലേക്കു ക്ഷണിക്കപ്പെടുന്നവരുടെ അവസ്ഥയും ഇത് തന്നെ. അംഗങ്ങളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങൾ അജ്ഞാതമാണ്. യഥാർത്ഥ പ്രവാസികളുടെ നാഡി മിടിപ്പ് അറിയുന്നവർ ആരും തന്നെ ഈ സഭകളിലേക്കു ക്ഷണിക്കപ്പെടാറില്ല. അഥവാ എന്തെങ്കിലും ശുപാർശകളും പുറത്ത് ക്ഷണിക്കപ്പെട്ടാൽ തന്നെ അത്തരക്കാര്ക്ക് വിഷയങ്ങൾ അവതരിപ്പിക്കുന്നതിനുള്ള സാഹചര്യവുമില്ല. രാഷ്ട്രീയ മേൽക്കോയ്മയുടെ അടിസ്ഥാനത്തിൽ അർഹത നിശ്ചയിക്കുമ്പോൾ ഇത്തരം മുൻഗണനകൾ അവഗണിക്കപ്പെട്ടുകൊണ്ടേ ഇരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ചേർന്ന് മാമാങ്കമാക്കുന്ന ധൂർത്തുകൊണ്ട് പ്രവാസി സമൂഹത്തിനു ഒട്ടും ഗുണമുണ്ടാവുന്നില്ല. സർക്കാരിനെ സംബന്ധിച്ച് ദുരന്തങ്ങൾക്ക് സാമ്പത്തിക സഹായം സ്വരൂപിക്കുന്നതിനുള്ള ശ്രോതസ്സ് മാത്രമാണ് എന്നും പ്രവാസി സമൂഹം.

കൃഷ്ണൻ കടലുണ്ടി, കുവൈത്ത്.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.