For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വക്കീൽ ഫീസ് 50 ലക്ഷം; കെഎസ്ഐഡിസിയുടെ അപ്പീലിൽ ഭിന്നത

06:30 PM Feb 09, 2024 IST | Online Desk
വക്കീൽ ഫീസ് 50 ലക്ഷം  കെഎസ്ഐഡിസിയുടെ അപ്പീലിൽ ഭിന്നത
Advertisement

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മാസപ്പടി കേസുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ അന്വേഷണം നേരിടുന്ന സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ (കെഎസ്ഐഡിസി) 50 ലക്ഷം വക്കീൽ ഫീസ് നൽകി സുപ്രീംകോടതിയിൽ അപ്പീൽ നൽകിയതിൽ ഉദ്യോഗസ്ഥതലത്തിൽ ഭിന്നത. അന്വേഷണത്തിന് സ്റ്റേ ലഭിക്കാൻ സുപ്രീംകോടതി അഭിഭാഷകന് രണ്ടു സിറ്റിങ്ങിനായി കെഎസ്ഐഡിസി നൽകിയത് 50 ലക്ഷം രൂപയാണ്. എന്നിട്ടും സ്റ്റേ ലഭിക്കാതിരിക്കുകയും കോടതിയിൽ നിന്ന് വിമർശനം ഏറ്റുവാങ്ങേണ്ടി വരികയും ചെയ്ത പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥ തലത്തിൽ അഭിപ്രായ ഭിന്നത മൂർച്ഛിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ കെഎസ്ഐഡിസി കോർപ്പറേറ്റ് ഓഫീസിൽ കഴിഞ്ഞ ദിവസം എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയിരുന്നു. നിരവധി സ്ഥാപനങ്ങളിൽ കെഎസ്ഐഡിസിക്ക് ഓഹരി നിക്ഷേപമുണ്ടെന്നും രേഖകൾ കൃത്യമാണെന്നും രണ്ടു സ്വകാര്യ കമ്പനികൾ തമ്മിലുള്ള ഇടപാടിൽ നടക്കുന്ന അന്വേഷണത്തിൽ കെഎസ്ഐഡിസി ഇത്രയും തുക കോടതി ചെലവിനായി നൽകേണ്ടിയിരുന്നില്ലെന്നുമാണ് ഉദ്യോഗസ്ഥർ വിമർശനം ഉന്നയിക്കുന്നത്. എസ്എഫ്ഐഒ അന്വേഷണം നടക്കട്ടെയെന്ന നിലപാടിലായിരുന്നു കെഎസ്ഐഡിസി. എന്നാൽ മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട വിവാദമായതിനാൽ സർക്കാർ ഇടപെട്ടാണ് അന്വേഷണം സ്റ്റേ ചെയ്യുന്നതിനായി തിടുക്കത്തിൽ സുപ്രീംകോടതി അഭിഭാഷകനെ ചുമതലപ്പെടുത്തിയത്.
സ്റ്റേ ആവശ്യം അംഗീകരിക്കാത്ത കോടതി, കെഎസ്ഐഡിസിക്ക് എന്തെങ്കിലും ഒളിക്കാനുണ്ടോ എന്നും ചോദിച്ചു. സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം മാറ്റാൻ ശ്രമിക്കുന്ന പ്രഫഷനൽ സ്ഥാപനമായ കെഎസ്ഐഡിസിക്ക് ഇതു നാണക്കേടായെന്നാണ് സ്ഥാപനത്തിലെ സംസാരം. രേഖകൾ ആവശ്യപ്പെട്ട് എസ്എഫ്ഐഒയുടെ മെയിൽ ലഭിച്ച ഉടനെ കെഎസ്ഐഡിസി ഉദ്യോഗസ്ഥർ വ്യവസായ മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫിസിനെ വിവരം അറിയിച്ചു. ഉന്നത നിർദേശത്തെ തുടർന്നാണ് സുപ്രീംകോടതി അഭിഭാഷകനെ നിയോഗിക്കാൻ തീരുമാനിച്ചത്.
കെഎസ്ഐഡിസി വിവിധ കമ്പനികൾക്ക് ലോൺ നൽകുന്നുണ്ട്. കമ്പനികളുടെ ഓഹരികളിൽ നിക്ഷേപവും നടത്തുന്നുണ്ട്. ഓഹരി നിക്ഷേപത്തിലൂടെ വരുമാനവുമുണ്ട്. തൊണ്ണൂറുകളിലാണ് സിഎംആർഎലിൽ കെഎസ്ഐഡിസി നിക്ഷേപം നടത്തിയത്. സിഎംആർഎൽ ഡയറക്ടർ ബോർഡിൽ കെഎസ്ഐഡിസി പ്രതിനിധിയുണ്ട്. നിക്ഷേപമുള്ള മറ്റ് നിരവധി കമ്പനികളിലും കെഎസ്ഐഡിസിക്ക് ഡയറക്ടർമാരുണ്ട്. ലോൺ, നിക്ഷേപ രേഖകൾ കൃത്യമാണെന്നും ധൃതിപിടിച്ച് സുപ്രീംകോടതി അഭിഭാഷകനെ നിയോഗിച്ച് സ്ഥാപനത്തിന്റെ സൽപേര് കളയേണ്ടിയില്ലെന്നുമാണ് ഉയരുന്ന അഭിപ്രായം.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശത്തിനായി ബിഡ് സമർപ്പിക്കാൻ 2018ൽ നിർദേശിച്ചപ്പോൾ കെഎസ്ഐഡിസി സർക്കാരിനെ വിയോജിപ്പ് അറിയിച്ചിരുന്നു. വിമാനത്താവള നടത്തിപ്പിൽ കമ്പനിക്ക് പരിചയം ഇല്ലെന്നായിരുന്നു വിശദീകരണം. സർക്കാർ നിര്‍ദേശം അനുസരിച്ച് ബിഡിൽ പങ്കെടുത്തെങ്കിലും നടത്തിപ്പ് അവകാശം ലഭിച്ചില്ല. മുന്നിലെത്തുന്ന ഏജൻസിയുടെ 10 ശതമാനം വരെ താഴ്ന്ന നിരക്ക് നിർദേശിച്ചിരുന്നെങ്കിൽ പോലും ബിഡ് നേടാൻ ‘റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂസൽ’ വഴി കേന്ദ്ര സർക്കാർ കെഎസ്ഐഡിസിക്ക് അവസരം നൽകിയിരുന്നു. ബിഡിൽ പരാജയപ്പെട്ട കെഎസ്ഐഡിസി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.