അറുപത്തി മൂന്നാമത് കേരള സ്‌കൂള്‍ കലോത്സവം 2025 ജനുവരി നാല് മുതല്‍ എട്ട് വരെ
തിരുവനന്തപുരം: അറുപത്തി മൂന്നാമത് കേരള സ്‌കൂള്‍ കലോത്സവം 2025 ജനുവരി നാല് മുതല്‍ എട്ട് വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളില്‍ വച്ച് നടത്തുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. ഇപ്പോള്‍ കലോത്സവ വേദികളില്‍ ഉണ്ടാകുന്ന അനാരോഗ്യ പ്രവണതകള്‍ ചൂണ്ടിക്കാട്ടാനാണ് ആഗ്രഹിക്കുന്നത്.
മത്സരങ്ങളിലെ ജഡ്ജുമെന്റുമായി ബന്ധപ്പെട്ട് അനാവശ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും അധികൃതരെ തടഞ്ഞു വെക്കുകയും ചെയ്യുന്ന പ്രവണത ചിലയിടങ്ങളില്‍ കണ്ടു. ഇത് കലോത്സവത്തിന്റെ ആരോഗ്യകരമായ അന്തരീക്ഷത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. കലോത്സവത്തിന്റെ വിധി നിര്‍ണയവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് സ്‌കൂള്‍തലം മുതല്‍തന്നെ അപ്പീല്‍ നല്‍കുന്നതിന് അവസരം നല്‍കിയിട്ടുണ്ട്.
ഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം ആയിരം രൂപ സഹിതം കുട്ടികളുടെ പരാതികള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്കോ സ്‌കൂള്‍ പ്രിന്‍സിപ്പാളിനോ, ഹെഡ്മാസ്റ്റര്‍ക്കോ നല്‍കാവുന്നതാണ്. അപ്പീല്‍ തീര്‍പ്പ് അനുകൂലമായാല്‍ അപ്പീല്‍ ഫീസ് മുഴുവന്‍ തിരിച്ചു നല്‍കുന്നതാണ്. ഉപജില്ലാതല മത്സരത്തിലെ വിധി നിര്‍ണയത്തിലെ പരാതികള്‍ ഉണ്ടെങ്കില്‍ തീര്‍പ്പു കല്‍പ്പിക്കുന്നതിനായി ജില്ലാ വിദ്യാഭ്യാസ ആഫീസര്‍ അധ്യക്ഷനായി വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടര്‍, എച്ച്.എസ്.ഇ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരോ അവര്‍ ഓരോരുത്തരും ചുമതലപ്പെടുത്തുന്ന പ്രതിനിധിയോ ഉള്‍പ്പെട്ട വിദഗ്ദ്ധരുമടങ്ങുന്ന അഞ്ച് പേരുടെ സമിതി ഉണ്ടായിരിക്കും.
ഉപജില്ലാതല മത്സരഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം രണ്ടായിരം രൂപ ഫീസ് സഹിതം പരാതികള്‍ നിശ്ചിത മാതൃകയില്‍ തയാറാക്കി ബന്ധപ്പെട്ട ജനറല്‍ കണ്‍വീനര്‍ക്ക് മത്സരാര്‍ഖിക്കോ ടീം മാനേജര്‍ക്കോ നല്‍കാം. റവന്യൂ ജില്ലാ കലോത്സവ മത്സരങ്ങളുടെ വിധിനിര്‍ണയത്തിനെതിരെ പരാതികള്‍ ഉണ്ടെങ്കില്‍ അവ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ജോയിന്റ് ഡയറക്ടര്‍ അല്ലെങ്കില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, മറ്റ് ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ചെയര്‍മാനും അതതു മേഖലയിലെ ഹയര്‍ സെക്കണ്ടറി ആര്‍.ഡി.ഡി., വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവരെ അംഗങ്ങളായിച്ചേര്‍ത്ത് അപ്പീല്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
അപ്പീല്‍ കമ്മിറ്റിയില്‍ ചെയര്‍മാനുള്‍പ്പെടെ ഒമ്പത് അംഗങ്ങളാണ് ഉള്ളത്, അപ്പീല്‍ തീര്‍പ്പില്‍ എതിര്‍ അഭിപ്രായം ഉണ്ടാകുന്ന സാഹചര്യത്തില്‍ മത്സരാര്‍ത്ഥികള്‍ കോടതിയെയും സമീപിക്കുന്നുണ്ട്. ഇത്രയും സൗകര്യങ്ങള്‍ ഉണ്ടായിരിക്കെ പരസ്യമായ പ്രതിഷേധ പ്രകടനങ്ങള്‍ കലോത്സവത്തിന്റെ അന്തസ്സിന് തന്നെ നിരക്കാത്തതാണ്. തിരുവനന്തപുരം ജില്ലയില്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു സംഭവം നടന്നു.
ഇത്തരം പ്രതിഷേധ പ്രകടനങ്ങളില്‍ നിന്നും വിദ്യാര്‍ഥികളെയും മാറ്റി നിര്‍ത്താന്‍ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചില സാഹചര്യങ്ങളില്‍ അധ്യാപകര്‍ തന്നെ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന കാഴ്ചയും ഉണ്ട്. അതുകൊണ്ടാണ് ഇന്ന് ഇത്രയും പറയുന്നത്. കലോത്സവ മാനുവല്‍ അനുസരിച്ച് പെരുമാറാന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും തയാറാകണം. മറ്റു കൂടുതല്‍ നടപടികളിലേക്ക് വിദ്യാഭ്യാസ വകുപ്പിനെ കൊണ്ടെത്തിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.