രാജ്യത്ത് 64.2 കോടി വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി: ലോക റെക്കോര്‍ഡ് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്ത് 64.2 കോടി വോട്ടര്‍മാര്‍ വോട്ട് ചെയ്തതായും ഇത് ലോക റെക്കോര്‍ഡാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍. വോട്ടെണ്ണലിനു മുന്നോടിയായി വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വനിതാ പങ്കാളിത്തത്തിലും ഇത്തവണ റെക്കോര്‍ഡാണ്. 31.2 കോടി വനിത വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. സംഭവബഹുലമായ തിരഞ്ഞെടുപ്പ് കാലം കഴിഞ്ഞതായും വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായും രാജീവ് കുമാര്‍ പറഞ്ഞു. ജനാധിപത്യത്തില്‍ പങ്കാളികളായ എല്ലാവരെയും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അഭിനന്ദിച്ചു. സംതൃപ്തി നിറഞ്ഞ ദൗത്യമാണ് പൂര്‍ത്തിയായത്. ചില ആരോപണങ്ങള്‍ വേദനിപ്പിച്ചെന്നും രാജീവ് കുമാര്‍ പറഞ്ഞു.
ജമ്മു കശ്മീരില്‍ കഴിഞ്ഞ നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് രേഖപ്പെടുത്തിയത്. ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് സജ്ജമാണ്. മണിപ്പൂരില്‍ കാര്യമായ ആക്രമണ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. വലിയ സംഘര്‍ഷങ്ങളില്ലാതെയാണ് വോട്ടെടുപ്പ് അവസാനിച്ചത്. 1054 കോടി രൂപ, 2198 കോടിയുടെ സൗജന്യ വസ്തുക്കള്‍, 868 കോടിയുടെ മദ്യം എന്നിവ പിടിച്ചെടുത്തതായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു