ഏഴരക്കോടി രൂപ വാങ്ങി തട്ടിപ്പ്: ബെനറ്റ് എബ്രഹാമിനെ തേടി കര്‍ണാടക പൊലീസ്
തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളേജില്‍ റെയ്ഡ് നടത്തി കര്‍ണാടക പൊലീസ്. കോളജ് ഡയറക്ടര്‍ ബെനറ്റ് എബ്രഹാമിനെ തേടിയാണ് പൊലീസ് എത്തിയത്. എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് കര്‍ണാടക സ്വദേശികളില്‍ നിന്നും ഏഴരക്കോടി രൂപ ബെനറ്റ് എബ്രഹാം വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കര്‍ണാടക പൊലീസ് കേരളത്തിലെത്തിയത്.
സംഭവത്തില്‍ കര്‍ണാടക മല്ലേശ്വരം പൊലീസ് ബെനറ്റിനെതിരെ കേസെടുത്തിരുന്നു. പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് കഴിഞ്ഞ ദിവസം കര്‍ണാടക ജില്ലാ കോടതി ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് കോടതി ഉത്തരവുമായി പൊലീസ് കാരക്കോണം മെഡിക്കല്‍ കോളേജിലെത്തിയത്. അധികം വൈകാതെ ബെനറ്റിന്റെ വീട്ടിലുള്‍പ്പെടെ പൊലീസ് പരിശോധന നടത്തും. ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ബെനറ്റ് എബ്രഹാമിനെ തേടി കര്‍ണാടക പൊലീസ് കേരളത്തില്‍ എത്തുന്നത്. 2014 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു ബെനറ്റ്.