ഏഴ് സുരക്ഷാ ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
ന്യൂഡൽഹി: പാർലമെന്റിലെ സുരക്ഷാ വീഴ്ചയെ ചൊല്ലി പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം. പാർലമെന്റിനു പോലും സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത കേന്ദ്ര സർക്കാർ രാജ്യ സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്ന് പ്രതിപക്ഷ അംഗങ്ങൾ ചോദിച്ചു. ബഹളത്തിനിടെ രാജ്യ രക്ഷാ മന്ത്രി രാജ്നാഥ് സിംഗ് സഭയിൽ പ്രസ്താവന നടത്തി. സുരക്ഷാ ചുമതലയുണ്ടായിരുന്ന ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായി രാജ് നാഥ് സിംഗ് അറിയിച്ചു.
പുതിയ പാർലമെന്റിൽ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ ഒരു സ്ത്രീയടക്കം നാല് പേർ കസ്റ്റഡിയിൽ. പാർലമെന്റിനകത്ത് രണ്ട് പേരും പുറത്ത് രണ്ട് പേരുമാണ് പ്രതിഷേധിച്ചത്. ലോക്സഭാ സന്ദർശക ഗാലറിയിൽ നിന്നും രണ്ട് പേർ കളർ സ്പ്രേയുമായി താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടിയിറങ്ങുകയായിരുന്നു. കേന്ദ്ര സർക്കാരിനെതിരെ മുദ്യാവാക്യം വിളികളുമായാണ് രണ്ട് പേരും എംപിമാർക്കിടയിലേക്ക് ചാടിയത്. പാർലമെന്റ് നടപടികൾ കാണാൻ വന്ന ആളുകളാണ് അതിക്രമം നടത്തിയത്. അതേ സമയം തന്നെ പാർലമെന്റിന് പുറത്തും സമാനമായ രീതിയിൽ കളർ സ്പ്രേ പ്രയോഗമുണ്ടായി. ഒരു യുവതിയും ഒരു പുരുഷനുമാണ് പാർലമെന്റിന് പുറത്ത് പ്രതിഷേധിച്ചത്. ഇവരെ ഉടൻ കസ്റ്റഡിയിലെടുത്തു. നീലം എന്ന് പേരുള്ള സ്ത്രീയും, സാഗർ എന്ന് പേരുള്ള പുരുഷനും കസ്റ്റഡിയിലുണ്ടെന്ന് ദില്ലി പൊലീസ് അറിയിച്ചു. ഇരുവരെയും പാർലമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പാർലമെന്റ് സന്ദർശക ഗാലറിയിൽ കടന്ന ഒരാളുടെ കൈയ്യിൽ ബിജെപി എംപി പ്രതാപ് സിംഹ നല്കിയ പാസായിരുന്നു ഉണ്ടായിരുന്നത്.