അധ്യാപകന്റെ ബലാത്സംഗത്തിനിരയായ എട്ടാം ക്ലാസുകാരി മരിച്ചു; സംഭവം ഒത്തുതീർപ്പാകാൻ നൽകിയത് 30,000 രൂപ
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അധ്യാപകന്റെ ക്രൂരബലാത്സംഗത്തിനിരയായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. സോണഭദ്ര ദുധി സ്വദേശിനിയായ 14 വയസ്സുകാരിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബലാത്സംഗത്തിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന കുട്ടി കഴിഞ്ഞ 20 ദിവസമായി ബനാറസ് ഹിന്ദു സര്‍വകലാശാല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
സ്‌കൂളിലെ കായികാധ്യാപകനായ വിശ്വംഭര്‍ എന്നയാളാണ് 14- കാരിയെ ബലാത്സംഗം ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. കഴിഞ്ഞ ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളില്‍ കായികമത്സരത്തില്‍ പങ്കെടുക്കാനായി പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയ ഇയാള്‍ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. സംഭവം പുറത്തറിഞ്ഞാല്‍ നാണക്കേടാകുമെന്ന് ഭയന്ന് പെണ്‍കുട്ടി അന്ന് പീഡനവിവരം വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, ബലാത്സംഗത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായി തുടങ്ങി. ഇതോടെ പെണ്‍കുട്ടിയെ ഛത്തീസ്ഗഢിലെ ബന്ധുവീട്ടിലേക്ക് അയക്കുകയും അവിടെ ചികിത്സിക്കുകയും ചെയ്തു. ഇവിടെവെച്ചാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.
എന്നാൽ നാണക്കേടാകുമെന്ന് കരുതി കുട്ടിയുടെ കുടുംബവും സംഭവത്തില്‍ ആദ്യം പരാതി നല്‍കിയിരുന്നില്ല. ഇതിനിടെ, വിവരം പുറത്തുപറയാതിരിക്കാന്‍ പ്രതിയായ വിശ്വംഭര്‍ 30,000 രൂപയും കുടുംബത്തിന് നല്‍കിയിരുന്നു. എന്നാല്‍, കുട്ടിയുടെ ആരോഗ്യനില വഷളായതോടെ ജൂലായ് പത്താം തീയതി പിതാവ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോക്‌സോ വകുപ്പകളടക്കം ചുമത്തി വിശ്വംഭറിനെതിരേ പോലീസ് കേസെടുക്കുകയായിരുന്നു.
പ്രതിയായ വിശ്വംഭര്‍ ഇപ്പോൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. പ്രതിക്കായി രണ്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
കൊല്‍ക്കത്തയില്‍ വനിതാഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയതില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഉത്തര്‍പ്രദേശില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി മരിച്ചെന്ന വാര്‍ത്തയും പുറത്തുവരുന്നത്. കൊല്‍ക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തില്‍ ശനിയാഴ്ച രാജ്യവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുകയാണ്.