പത്താം ക്ലാസുകാരിയുടെ വയറില്‍ രണ്ടു കിലോ ഭാരമുള്ള ഭീമന്‍ മുടിക്കെട്ട്
പാലക്കാട് : പാലക്കാട് സ്വദേശിനിയായ പത്താം ക്ലാസുകാരിയുടെ വയറ്റില്‍നിന്ന് രണ്ടു കിലോ ഭാരമുള്ള ഭീമന്‍ മുടിക്കെട്ട് നീക്കം ചെയ്തു.വയറ്റില്‍ ചെറിയ മുഴയും, വിളര്‍ച്ചയും ഭക്ഷണത്തോടുള്ള വിമുഖതയുമായിട്ടാണ് പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്.തുടര്‍ന്ന് സ്‌കാനിങ് നടത്തിയപ്പോള്‍ തന്നെ ട്രൈക്കോ ബിസയര്‍ എന്ന രോഗാവസ്ഥയാണെന്ന് സംശയം തോന്നിയെങ്കിലും എന്‍ഡോസ്‌കോപ്പിയിലൂടെയാണ് സ്ഥിരീകരിച്ചത്.തുടര്‍ന്ന് സര്‍ജറി വിഭാഗം പ്രഫ. ഡോ. വൈ. ഷാജഹാന്റെ നേതൃത്വത്തില്‍ മുടിക്കെട്ട് നീക്കം ചെയ്യുന്നതിനുള്ള അത്യപൂര്‍വ ശസ്ത്രക്രിയ നടത്തി പുറത്തെടുത്തു.
കടിക്കുകയും, വിരലില്‍ ചുറ്റി വിഴുങ്ങുകയും ചെയ്ത മുടി ആമാശയത്തിനുള്ളില്‍ കെട്ടുപിണഞ്ഞ് കിടക്കുകയായിരുന്നു. ചെറുകുടലിലേക്ക് ഇവ കുറേശ്ശേ എത്തുന്ന അവസ്ഥയിലേക്കും മാറുന്ന സാഹചര്യത്തിലാണ് ചികിത്സ തേടിയത്.ആശുപത്രിയില്‍ എത്തുന്നതുവരെ കുട്ടിയുടെ രോഗത്തെ കുറിച്ച് മാതാപിതാക്കള്‍ക്കും ധാരണയുണ്ടായിരുന്നില്ല.വര്‍ഷങ്ങള്‍ കൊണ്ട് കടിച്ചു വയറ്റിലെത്തിയ തലമുടിക്കെട്ട് 15 സെന്റീ മീറ്റര്‍ വീതിയിലും 30 സെന്റി മീറ്റര്‍ നീളത്തിലുമാണ് ആമാശയത്തില്‍ ചുറ്റിപ്പിണഞ്ഞ് കിടന്നിരുന്നത്.