ജയ്പുരിൽ ആശുപത്രിപരിസരത്ത് 14 കാരിയെ ബലാത്സംഗംചെയ്‌തു, 2 പേർ അറസ്റ്റിൽ
ജയ്പുർ: കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടർ ക്രൂമായി ബലാത്സത്തിനിരയായി കൊല്ലപ്പെട്ടതിൽ പ്രതിഷേധം കനക്കുന്നതിനിടെ രാജസ്ഥാനിൽനിന്നും സമാനമായ വാർത്ത. ജോധ്പുരിലെ സർക്കാർ ആശുപത്രി പരിസരത്തുവെച്ച് 14-കാരി ക്രൂര ബലാത്സംഗത്തിനിരയായി. തുടർന്ന് അക്രമികൾ കുട്ടിയെ മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ചു. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പെൺകുട്ടിയെയാണ് രണ്ടുപേർ ചേർന്ന് ബലാത്സംഗം ചെയ്തത്. സംഭവത്തിൽ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്ന ശുചീകരണ തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കുന്നു.
അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പെൺകുട്ടി സർക്കാർ ആശുപത്രി പരിസരത്ത് ഇരിക്കുകയായിരുന്നു. ഒറ്റക്കിരിക്കുന്ന പെൺകുട്ടിയുടെ അരികിലേക്ക് ആശുപത്രിയിലെ ജീവനക്കാരായ രണ്ടുപേർ എത്തുകയും സംസാരിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയുടെ പിൻഭാഗത്തുള്ള ബയോ മെഡിക്കൽ വേസ്റ്റ് തള്ളുന്ന ഇടത്തേക്ക് പെൺകുട്ടിയെ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ഞായറാഴ്ച വൈകുന്നേരം വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നതായി പ്രതാപ് നഗർ അസിസ്റ്റന്റ് കമ്മിഷണർ അനിൽ കുമാർ പറഞ്ഞു.
സംഭവത്തിന് ശേഷം മാലിന്യക്കൂനയിൽ പെൺകുട്ടിയെ ഉപേക്ഷിച്ച് രണ്ടുപേരും കടന്നുകളഞ്ഞു. ഗുരുതരമായ പരിക്കേറ്റ പെൺകുട്ടി, അടുത്തദിവസം സ്വയം പുറത്തെത്തിയതോടെയാണ് ക്രൂര ബലാത്സംഗത്തിന്റെ വിവരം പുറത്തറിയുന്നത്.