നിയന്ത്രണം വിട്ട കാറിടിച്ച് 64കാരന്‍ മരിച്ചു
തലശ്ശേരി: നമസ്‌കാരത്തിന് പള്ളിയിലേക്ക് പോകവെ നിയന്ത്രണം വിട്ട കാറിടിച്ച് 64കാരന്‍ മരിച്ചു. തലശ്ശേരി പുന്നോല്‍ റെയില്‍ റോഡില്‍ മാതൃകാ ബസ് സ്റ്റോപ്പിന് സമീപം നബീല്‍ ഹൗസില്‍ കെ.പി.സിദ്ധീഖാണ്(64) മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 5.30 നായിരുന്നു അപകടം.
കാസര്‍കോട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎല്‍ 10 ബി എ 5309 കാറാണ് അപകടത്തില്‍പെട്ടത്. പുന്നോല്‍ ചീമ്പന്റവിട അജയന്റെ കടയുടെ മുന്നില്‍ വച്ച് നിയന്ത്രണം വിട്ട കാര്‍ കാല്‍നടയാത്രക്കാരനായ സിദ്ധീഖിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലും സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ചാണ് വാഹനം നിന്നത്.
ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പാടെ തകര്‍ന്നു. അപകടത്തിന് ശേഷം ചോരവാര്‍ന്ന് സിദ്ധീഖ് അരമണിക്കൂറോളം റോഡില്‍ തന്നെ കിടന്നു. നാട്ടുകാരോ മറ്റുള്ളവരോ ആരും തന്നെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചില്ലെന്ന് പരാതിയുണ്ട്. പിന്നീട് അപകടത്തില്‍പ്പെട്ട കാറിലുണ്ടായവര്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 6.30ഓടെയാണ് പൊലീസ് സംഭവത്തെത്തിയത്.പുന്നോല്‍ സലഫി മസ്ജിദ് ഭാരവാഹിയും സാമൂഹ്യ പ്രവര്‍ത്തകനുമാണ് സിദ്ധീഖ്. ചെന്നെയിലെ പ്രമുഖ ബേക്കറി വ്യാപാരിയായിരുന്ന പരേതനായ സി. മമ്മുവിന്റെ മകനാണ്.പുന്നോലില്‍ സാമൂഹ്യ, ജീവകാരുണ്യപ്രവര്‍ത്തന മേഖലയില്‍ നിറസാന്നിധ്യമായ സുമയ്യ സിദ്ധീഖാണ് ഭാര്യ.