യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധത്തിനിടെ ഗുണ്ടാക്രമണം; 14 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു
കണ്ണൂര്‍: നവ കേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി സഞ്ചരിച്ച ആഡംബര ബസ്സിന് നേരേ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച യംഭവത്തില്‍ കേസെടുത്തു. സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തിരിക്കുന്നത്.
കൊല്ലണമെന്ന ഉദ്ദേശത്തോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുധീഷ് വെള്ളച്ചാലിനെ തടഞ്ഞുനിര്‍ത്തി മാരകായുധമായ ഇരുമ്പുവടി, ചെടിച്ചട്ടി, ഹെൽമെറ്റ് എന്നിവ ഉപയോഗിച്ച് തലക്കടിച്ചു പരിക്കേല്‍പ്പിച്ചു എന്നാണ് കേസ്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിലുള്ള രാഷ്ട്രീയ വിരോധമാണ് പിന്നിലെന്നും എഫ്‌ഐആറിലുണ്ട്.കണ്ണൂര്‍ സ്വദേശികളായ റമീസ്, അനുവിന്ദ്, ജിതിന്‍, വിഷ്ണു എംപി, സതീഷ് പി, അമല്‍ ബാബു, സജിത്ത് ചെറുതാഴം, അതുല്‍ കണ്ണന്‍, അനുരാഗ്, ഷഫൂര്‍ അഹമ്മദ്, അര്‍ജുന്‍ കോട്ടൂര്‍, സിബി, ഹരിത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം കല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടി എരിപുരത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരെ നവകേരള ജനസദസ് പരിപാടിയുടെ വോളണ്ടിയർമാരായ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് നോക്കി നിൽക്കുകയാണ് സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടാസംഘത്തിന്റെ ക്രൂര മർദ്ദനം അരങ്ങേറിയത്.
പരിക്കേറ്റ യൂത്ത് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമാരായ മഹിത മോഹന്‍, സുധീഷ് വെള്ളച്ചാല്‍, യൂണിറ്റ് ഭാരവാഹി സഞ്ജു എന്നിവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധീഷ് തീവ്രചരണ വിഭാഗത്തിൽ ചികിത്സയിലാണ്.