രോഹിത്തിന് സെഞ്ച്വറിയും ജഡേജയ്ക്ക് അര്‍ധ സെഞ്ച്വറിയും
രാജ്‌കോട്ട്: രോഹിത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും(106) ജഡേജയുടെ അര്‍ധ സെഞ്ച്വറിയും(68) ഇന്ത്യയെ ഫോമാക്കി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 55 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തിട്ടുണ്ട്. 167 പന്തില്‍ 11 ഫോറും രണ്ടു സിക്‌സും ഉള്‍പ്പെടെ 106 റണ്‍സെടുത്ത രോഹിത്തും 132 പന്തുകള്‍ നിന്ന് ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 69 റണ്‍സെടുത്ത ജദേജയുമാണ് ക്രീസില്‍.
33 ന് 3 എന്ന നിലയില്‍ നിന്നാണ് രോഹിതും ജഡേജയും ചേര്‍ന്ന് ഇന്ത്യയെ ഭേതപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. 10 റണ്‍സെടുത്ത ഓപണര്‍ യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. മാര്‍ക്ക് വുഡിന്റെ പന്തില്‍ ജോ റൂട്ട് പിടിച്ചാണ് പുറത്താക്കിയത്. മൂന്നാമനായി ഇറങ്ങിയ ശുഭ്മാന്‍ ഗില്‍ ഒമ്പത് പന്തില്‍ റണ്‍സൊന്നും എടുക്കാതെ മാര്‍ക്ക് വുഡിന്റെ പന്തില്‍ കീപ്പര്‍ ബെന്‍ ഫോക്‌സിന് ക്യാച്ച് നല്‍കി മടങ്ങി. തുടര്‍ന്നെത്തിയ രജിത് പട്ടിദാറിനെ (5) നിലയുറപ്പിക്കും മുന്‍പെ ടോം ഹാര്‍ട്‌ലി പുറത്താക്കി. അരങ്ങേറ്റ മത്സരത്തിനൊരുങ്ങിയ സര്‍ഫറാസ് ഖാനെയും ദ്രുവ് ജുറേലും മറികടന്നാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജദേജ രോഹിതിന് കൂട്ടായി ക്രീസിലെത്തിയത്. 74 പന്തുകളില്‍ നിന്ന് എട്ടുഫോറുകള്‍ ഉള്‍പ്പെടെയാണ് രോഹിത് 52 റണ്‍സെടുത്തത്.
അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് 1-1 നിലയിലാണ് ഇരുടീമും. സീനിയര്‍ ബാറ്റര്‍മാരായ വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അഭാവത്തില്‍ പുതുമുഖങ്ങളെ അണിനിരത്തിയാണ് ടീം ഇന്ത്യ ഇറങ്ങിയത്. പേസര്‍ മുഹമ്മദ് സിറാജും ഓള്‍റൗണ്ടര്‍ രവീന്ദ്രജദേജയും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ അക്‌സര്‍ പട്ടേലും മുകേഷ് കുമാറും പുറത്തായി.