'ക്രിമിനലുകളെ ന്യായീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കും'; പ്രതിപക്ഷ നേതാവ്
കോഴിക്കോട്: യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകർക്ക് നേരെ വധശ്രമം നടത്തിയ ക്രിമിനലുകളെ ന്യായീകരിക്കുകയും അഭിനന്ദിക്കുകയും ഇത്തരം പ്രവര്‍ത്തികള്‍ തുടരണമെന്ന് പറയുകയും ചെയ്യുന്ന പിണറായി വിജയൻ മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന് പദവിക്ക് ചേരാത്ത വര്‍ത്തമാനം പറഞ്ഞാല്‍ അതേ നാണയത്തില്‍ മറുപടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ അക്രമം ജീവന്‍രക്ഷാ പ്രവര്‍ത്തനമാണെന്നും അത് ഇനിയും തുടരണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. പോലീസ് വധശ്രമത്തിന് കേസെടുത്ത സംഭവത്തിലാണ് മുഖ്യമന്ത്രി കലാപാഹ്വാനം നടത്തിയത്. ക്രിമിനൽ മനസുള്ള ആൾക്ക് മാത്രമേ ഇങ്ങനെ സംസാരിക്കാൻ കഴിയൂ എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ആക്രമണത്തിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകന്റെ കേള്‍വിശക്തി നഷ്ടപ്പെട്ടു. മറ്റൊരാള്‍ ഐസിയുവിലാണ്. ഒരു പെണ്‍കുട്ടിയുടെ കൈ ഒടിഞ്ഞു. ഇത്രയും ക്രൂരമായി മര്‍ദ്ദിച്ചിട്ടും പോലീസ് വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി അതിനെ ന്യായീകരിക്കുകയാണ്. അതുകൊണ്ടാണ് സൗമ്യമായി സംസാരിക്കുന്ന തന്റെ ഭാഷയില്‍ പോലും മാറ്റമുണ്ടായതെന്ന് സതീശൻ വ്യക്തമാക്കി. ‘ഖദര്‍ ഇട്ടവരെയൊക്കെ കരുതല്‍ തടങ്കലിലാക്കാന്‍ പിണറായി എന്താ രാജാവാണോ. ഉമ്മന്‍ ചാണ്ടിയെ കൊല്ലാന്‍ ശ്രമിച്ചവരാണ് ആത്മഹത്യാ സ്‌ക്വാഡെന്നും ചാവേര്‍ എന്നുമൊക്കെ പറയുന്നത്. മുഖ്യമന്ത്രിക്ക് അസഹിഷ്ണുതയാണ്. സ്വന്തം കേന്ദ്ര കമ്മിറ്റി അംഗം അഞ്ച് മിനിട്ട് കൂടുതല്‍ സംസാരിച്ചതിന് വിമര്‍ശിച്ച മുഖ്യമന്ത്രിയാണ് എന്നെ വിമര്‍ശിക്കുന്നത്’ സതീശൻ പറഞ്ഞു.
നവകേരള സദസ് വലിയ വിജയമാണെന്നും പ്രതിപക്ഷത്തിന് വിഭ്രാന്തിയാണെന്നും മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുകയാണ്. ആണ്ടി വലിയ അടിക്കാരനാണ്, ആണ്ടി വലിയ സംഭവമാണെന്ന് ആണ്ടി തന്നെ പറയുന്നതു പോലെയാണ് മുഖ്യമന്ത്രിയും സംസാരിക്കുന്നത്. നവകേരള യാത്ര വിജയമാണോയെന്ന് ജനങ്ങളാണ് തീരുമാനിക്കേണ്ടത്. സ്‌കൂള്‍ കുട്ടികളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആശാവര്‍ക്കര്‍മാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചാണ് നവകേരള സദസ് വന്‍വിജയമാണെന്ന് പറയുന്നതെന്നും വി.ഡി സതീശൻ ആരോപിച്ചു.