അരൂരില്‍ ഹൈവേ നിര്‍മാണ മേഖലയില്‍ കാറിനു മുകളിലേക്ക് കോണ്‍ക്രീറ്റ് പാളി വീണ് അപകടം
അരൂര്‍: ഹൈവേ നിര്‍മാണ മേഖലയില്‍ കാറിനു മുകളിലേക്ക് കോണ്‍ക്രീറ്റ് പാളി വീണ് അപകടം. ചാരുംമൂട് സ്വദേശി നിതിന്‍കുമാര്‍ സഞ്ചരിച്ച കാറിനു മുകളിലേയ്ക്കാണ് കോണ്‍ക്രീറ്റ് പാളി വീണത്. അരൂര്‍ തുറവൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മാണ മേഖലയില്‍ വച്ചാണ് അപകടമുണ്ടായത്. പാലത്തിന് മുകളില്‍ ഉപയോഗശേഷം മാറ്റിയിട്ട കല്ലാണ് റോഡിലേക്ക് വീണത്.
നിര്‍മാണത്തിലെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ടാര്‍പോളിന്‍ കെട്ടിയും നെറ്റ് കെട്ടിയും മുകളില്‍ തന്നെ താല്‍ക്കാലികമായി സൂക്ഷിച്ച് പിന്നീട് എടുത്തു മാറ്റുകയാണ് തൊഴിലാളികളുടെ രീതി. എന്നാല്‍ മുകളില്‍ നെറ്റില്‍ സൂക്ഷിച്ചിരുന്ന കോണ്‍ക്രീറ്റ് പാളിയില്‍ കണ്ടെയ്‌നര്‍ ലോറി ഇടിച്ചാണ് അവ താഴേക്ക് വീണത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ എരമല്ലൂരില്‍ വച്ചാണ് അപകടം നടക്കുന്നത്.
അപകടത്തില്‍ കാറിന്റെ പിന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറില്‍ മറ്റ് യാത്രക്കാര്‍ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവായി. സംഭവത്തില്‍ യുവാവ് അരൂര്‍ പൊലീസില്‍ പരാതി നല്‍കി. കാറിനുണ്ടായ കേടുപാടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് കരാര്‍ കമ്പനി യുവാവിനെ അറിയിച്ചു. ഭാരവാഹനങ്ങള്‍ക്ക് നിര്‍മാണ മേഖലയില്‍ രാത്രികാലങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടും പൊലീസ് നിയന്ത്രിക്കുന്നില്ലായെന്നതും ആക്ഷേപമുണ്ട്.