ചെന്നൈയിൽ ക്രിക്കറ്റ് താരം മേൽപ്പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു
ചെന്നൈ: ക്രിക്കറ്റ് താരം മേല്‍പ്പാലത്തില്‍നിന്ന് ചാടി ജീവനൊടുക്കി. വിരുഗംപാക്കം കൃഷ്ണ നഗര്‍ ആറാം മെയിന്‍ റോഡിലെ സാമുവല്‍ രാജ് (24) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ ക്രിക്കറ്റ് പരിശീലനത്തിനുശേഷം ബൈക്കില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെ സാമുവല്‍ രാജ് ഗിണ്ടി കത്തിപ്പാറ മേല്‍പ്പാലത്തില്‍ വണ്ടിനിര്‍ത്തി താഴേക്കു ചാടുകയായിരുന്നു. മേല്‍പ്പാലത്തില്‍നിന്ന് ഒരാള്‍ ചാടുന്നതുകണ്ട വിവരം വഴിയാത്രക്കാരാണ് പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസ് സാമുവല്‍ രാജിനെ ക്രോംപേട്ട് സര്‍ക്കാരാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി.
തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ തിരഞ്ഞെടുക്കപ്പെടാത്തതിനാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമുവല്‍ രാജ് മാനസികവിഷമത്തിലായിരുന്നെന്ന് സുഹൃത്തുക്കള്‍ പോലീസിനോടു പറഞ്ഞു. അതിന്റെ നിരാശയിലാണ് ജിവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാ കുറിപ്പോ സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ അയച്ച മൊബൈല്‍ സന്ദേശങ്ങളോ ലഭിച്ചിട്ടില്ല. എം. ബി. എ. ബിരുദധാരിയായ സാമുവല്‍ രാജ് കഴിഞ്ഞവര്‍ഷം തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് ഇലവന് ടീമിന്റെ ഭാഗമായി ടൂര്‍ണമെന്റില്‍ കളിച്ചിരുന്നു.
ബി.സി.സി.ഐ. സംഘടിപ്പിച്ച ദേശീയതല ടൂര്‍ണമെന്റില്‍ സൗത്ത് സോണ്‍ ടീമിനെ നയിച്ചത് സാമുവല്‍ രാജായിരുന്നു. സെയ്ന്റ് തോമസ് മൗണ്ട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.