കടബാധ്യതയെത്തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
വയനാട്: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കടബാധ്യതയെത്തുടര്‍ന്നാണ് വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. കാവുമന്ദം പള്ളിയറ കടുത്താംതൊട്ടിയില്‍ അനിലിനെയാണ് വീടിനകത്തു തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വിവിധ ബാങ്കുകളിലായി നാല് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടായിരുന്നു.
ഇന്നലെ രാത്രി 10ന് അനിലിനെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ സഹോദരന്‍ കണ്ടത്. ക്ഷീര കര്‍ഷകന്‍ കൂടിയായിരുന്ന അനില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി വിവിധ ബാങ്കുകളില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ കടമെടുത്തിരുന്നു.
കഴിഞ്ഞതവണ നെല്‍ കൃഷിക്ക് നിലം ഉഴാനായി പ്രദേശവാസിയില്‍ നിന്ന് 50,000 രൂപ കൈവായ്പയും വാങ്ങിയിരുന്നു. ഇത്തവണത്തെ നെല്‍കൃഷി വിളവെടുപ്പില്‍ ബാങ്കിലെ പണം തിരിച്ചടയ്ക്കാന്‍ കഴിയും എന്നായിരുന്നു അനിലിന്റെ പ്രതീക്ഷ.എന്നാല്‍, പ്രതീക്ഷിച്ച വിളവ് ലഭിക്കാതായതോടെ പണം തിരിച്ചടയ്ക്കുന്നത് എങ്ങനെയെന്ന ആശങ്കയിലായിരുന്നു അനിലെന്ന് സഹോദരന്‍ പറയുന്നു. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്നും ഒന്നരലക്ഷം രൂപയും പശുവിനെ വളര്‍ത്താനായി കോര്‍പ്പറേറ്റീവ് ബാങ്കില്‍ നിന്നും ഒരുലക്ഷം രൂപയും കടം എടുത്തിട്ടുണ്ടായിരുന്നു.
മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വൈകിട്ടോടുകൂടി കല്ലോടി സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍ അനിലിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.