ഇന്തോനേഷ്യയില്‍ മത്സരത്തിനിടെ ഫുട്ബാള്‍ താരം മിന്നലേറ്റ് മരിച്ചു
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ഫുട്ബാള്‍ മത്സരത്തിനിടെ താരം മിന്നലേറ്റ് മരിച്ചു. 35കാരനായ സെപ്‌റ്റെയ്ന്‍ രഹര്‍ജയാണ് മരിച്ചത്. തെക്കന്‍ ജാവയിലെ ബാന്ദൂങ്ങിലുള്ള സിലിവാങ്കി സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ ഫുട്ബാള്‍ മത്സരത്തിനിടെയാണ് സംഭവം. ബാന്ദുങ് എഫ്.സിയും എഫ്.ബി.ഐ സുബാങ്ങും തമ്മില്‍ നടന്ന മത്സരത്തിനിടെ ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് 4.20നായിരുന്നു സംഭവം.
എഫ്.ബി.ഐ സുബാങ്ങിന്റെ പ്രതിരോധ നിരയില്‍ കളിക്കുകയായിരുന്ന താരത്തിന്റെ ദേഹത്ത് നേരിട്ട് മിന്നലേല്‍ക്കുകയായിരുന്നു. ഇതോടെ ഗ്രൗണ്ടില്‍ വീണ താരത്തിനടുത്തേക്ക് സഹതാരങ്ങള്‍ ഓടിയെത്തി. ഈ സമയത്ത് ശ്വാസമെടുക്കുന്നുണ്ടായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താരം മിന്നലേറ്റ് വീഴുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കഴിഞ്ഞ നവംബറിലും ഇന്തോനേഷ്യയില്‍ ഫുട്ബാള്‍ താരത്തിന് മത്സരത്തിനിടെ മിന്നലേറ്റിരുന്നു. അണ്ടര്‍ 13 ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ച താരം പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ബ്രസീലിലും 21കാരനായ ഫുട്ബാളര്‍ മത്സരത്തിനിടെ ഇടിമിന്നേലേറ്റ് മരിച്ചിരുന്നു.